കാണികള്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു ; ധോണി മൈതാനത്ത് കിടന്ന് ഉറങ്ങി

കാന്‍ഡി: ഇന്ത്യയുടെ കൂള്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഉറക്കം സോഷ്യല്‍ മീഡിയകള്‍ കൊണ്ടാടുകയാണ്.

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിനിടെയായിരുന്നു ആരാധകരെ അമ്പരപ്പിച്ചുള്ള ധോണിയുടെ ഉറക്കം.

ടെസ്റ്റ് പരമ്പര നഷ്ടമായ ശ്രീലങ്ക ഏകദിന പരമ്പരയും ഇന്ത്യക്ക് മുന്നില്‍ അടിയറവെയ്ക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ശ്രീലങ്കന്‍ കാണികള്‍ കളി തടസപ്പെടുത്തിയതോടെയാണ് ഒന്നു ഉറങ്ങിയേക്കാമെന്ന് ധോണി കരുതിയത്.

ഇന്ത്യക്ക് ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കുപ്പികളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് അതിരുവിട്ട രോക്ഷ പ്രകടനം കാണികള്‍ നടത്തിയത്.

ഇതേതുടര്‍ന്ന് 35 മിനിറ്റോളം മത്സരം തടസപ്പെട്ടിരുന്നു. ഈ സമയം പരമാവധി ഉപയോഗിക്കാന്‍ തീരുമാനിച്ച ധോണി മൈതാനത്ത് ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങുകയായിരുന്നു.

ഇതുകണ്ട് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ധോണി ഐസ്‌ലന്‍ഡുകാരനാണെന്ന് തോന്നുന്നുവെന്നായിരുന്നു.

ഇത്രയും കൂളായി ഇരിക്കാന്‍ ഐസ്‌ലന്‍ഡുകാര്‍ക്കെ കഴിയൂ എന്നായിരുന്നു ഗവാസ്‌കര്‍ ഉദ്ദേശിച്ചത്.

കമന്ററി ബോക്‌സിലുണ്ടായിരുന്ന അജയ് ജഡേജയും മുരളി കാര്‍ത്തിക്കും ധോണിയെ വിശേഷിപ്പിച്ചത് എയര്‍ കണ്ടീഷണറിനോടും റഫ്രിജറേറ്ററിനോടുമാണ്.

ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ പറഞ്ഞിരുന്നത് വെറുതയല്ലെന്നായിരുന്നു ഇരുവരുടെയും കമന്റ്.

എന്തായാലും ധോണിയുടെ ഉറക്കം സോഷ്യല്‍ മീഡിയയും ആഘോഷമാക്കി. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ധോണിയുടെ ഗ്രൗണ്ടിലെ മയക്കം ആഘോഷമാക്കുകയാണ് ആരാധകരിപ്പോള്‍.

ശ്രീലങ്ക ഉയര്‍ത്തിയ 218 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 61 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതിന് ശേഷം ഒത്തുകൂടിയ ധോണിയും(67) രോഹിത് ശര്‍മ്മയും(124) ചേര്‍ന്നാണ് ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.

Top