When the complainant against IG, suspended SP behind the bribery case

കൊച്ചി: തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ വ്യക്തിക്ക് പിന്നില്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ജൂനിയർ ഉദ്യോഗസ്ഥനാണെന്ന ഐജി മനോജ് എബ്രഹാമിന്റെ ആരോപണം രഹസ്യാന്വോഷണ വിഭാഗം വിശദമായി അന്വേഷിക്കും.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി മനോജ് എബ്രഹാമിനെതിരെ ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ പരാതിക്ക് പിന്നിലെ ‘അണിയറ രഹസ്യം’ തേടി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിജിലന്‍സ് കോടതിയുടെ നടപടി തെറ്റാണെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി തുടര്‍ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.

ഇതിനിടെ കൈക്കൂലി കേസില്‍ മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ജൂനിയർ ഉദ്യോഗസ്ഥനെതിരെ പോലീസ് സേനക്കകത്തും ഇപ്പോള്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൈക്കൂലി കേസില്‍ സാക്ഷിയായ ഐജിക്കെതിരായ നീക്കമായാണ് ഇതിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാണുന്നത്.മനോജ് എബ്രഹാമിന്റെ അഭിഭാഷകനായ വിജയഭാനുവും ഇക്കാര്യം കോടതി മുമ്പാകെ ചൂണ്ടികാട്ടിയിട്ടുണ്ട്

വിവാദ ജൂനിയർ ഉദ്യോഗസ്ഥന്‍ പത്തനംതിട്ടയിലായിരുന്നപ്പോള്‍ അവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്നു പരാതിക്കാരനെന്ന ആരോപണത്തെ കുറിച്ചും വിജിലന്‍സ് അന്വേഷിക്കും.

ഒരേ തരത്തിലുള്ള രണ്ടു പരാതികള്‍ രണ്ട് വിജിലന്‍സ് കോടതികളില്‍ ഒരേ മാസം ഒരേ തരത്തില്‍ നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് മനോജ് എബ്രഹാമിന്റെ അഭിഭാഷകന്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

പരാതിക്കാരന് മുന്‍പ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിരവധി സമന്‍സുകള്‍ അയച്ചിട്ടും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവുകയോ അന്വേഷണത്തില്‍ സഹകരിക്കുകയോ ചെയ്തിരുന്നില്ലത്രെ.അത് കൊണ്ടു തന്നെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം.

അതേ സമയം സേനയില്‍ മികച്ച പ്രതിച്ഛായയും കര്‍ക്കശ നിലപാടുകാരനുമായ മനോജ് എബ്രഹാമിനെതിരായ ഏത് നീക്കത്തേയും ശക്തമായി പ്രതിരോധിക്കുമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മറ്റ് പല ഉദ്യോഗസ്ഥന്‍മാരാല്‍ നിന്നും വ്യത്യസ്തമായി സംഘര്‍ഷ മേഖലകളില്‍ ലൈവായി ഇറങ്ങി പദവി നോക്കാതെ ആക്ഷന് നേതൃത്വം കൊടുക്കുകയും കീഴ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യുമെന്നതിനാല്‍ സാധാരണ പൊലീസുകാര്‍ക്കിടയില്‍ പോലും മികച്ച പ്രതിച്ഛായയാണ് ഈ കര്‍ക്കശകാരനായ ഓഫീസര്‍ക്കുള്ളത്.

പൊലീസിനകത്ത് നിന്ന് കൊണ്ട് സ്വകാര്യ പി.ആര്‍ കമ്പനിയെ സ്വാധീനിച്ച് തെറ്റായ പരാതികളും വാര്‍ത്തകളും മനോജ് എബ്രഹാമിനെതിരെ പടച്ചു വിടുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നതാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ ഐപിഎസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാം.

എസ്.പി ആയിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. മുഖം നോക്കാതെ കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ് എബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.

2009ല്‍ മനോജ് എബ്രഹാം സിറ്റി പോലീസ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ അമേരിക്കയുടെ ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലിസിന്റെ ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണ്റ്റി പോലീസിങ് അവാര്‍ഡ് കൊച്ചി പോലീസ് നേടിയിരുന്നു.

ഇതിനുപുറമെ കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിനും മികച്ച ക്രമസമാധാനനില പരിപാലനത്തിനുമായി ക്കുന്നതിനും 2011 ല്‍ മാന്‍ ഓഫ് ദി ഡികേഡ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.അതേ വര്‍ഷം തന്നെ വിശിഷ്ട സേവനത്തിന് പ്രസിഡന്റ്‌സ് പോലീസ് മെഡലും മനോജ് എബ്രഹാം കരസ്ഥമാക്കി.

2010-2014 കാലഘട്ടങ്ങളില്‍ ആഗോളതലത്തിലുള്ള പോലീസ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയില്‍ മനോജ് എബ്രഹാം നേതൃനിരയില്‍ ഉണ്ടായിരുന്നു.

സൈബര്‍ ക്രൈം മേഖലയിലെ കുറ്റാന്വോഷണത്തിന് ധാരാളം പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.2014ല്‍ ഇന്‍ഫോസെക് മീസ്‌ട്രോസിന്റെ സ്‌പെഷല്‍ അച്ചിവ്‌മെന്റ് അവാര്‍ഡ്. നള്‍കോണ്‍ ബ്ലാക്ക് ഷീല്‍ഡ് അവാര്‍ഡ്, 2013ല്‍ ഏഷ്യ പസിഫിക് സീനിയര്‍ ഇന്‍ഫോര്‍മേഷന്‍ സെക്യുരിറ്റി പ്രൊഫഷണല്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍പെടുന്നു.

Top