കളിക്കാനെത്തിയ അപ്പുപ്പനെയും അമ്മുമ്മയെയും കണ്ട് കുട്ടികള്‍ നെറ്റിചുളിച്ചു, പിന്നെ ഞെട്ടി; കാരണം ഇതാണ്

തെലങ്കാന: ബാഡ്മിന്റണ്‍ കളിക്കാനായി ഒരു അപ്പുപ്പനും അമ്മുമ്മയും വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണ് സെകന്തരാബാദിലെ ഗരുഡ ബാഡ്മിന്റണ്‍ അക്കാദമിയിലെ കുട്ടികള്‍. കളിക്കണമെന്ന ആവശ്യവുമായി അങ്ങോട്ട് എത്തിയ ആ വൃദ്ധരെ കണ്ടപ്പോള്‍ ഇവര്‍ക്കീ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എന്താണ് കാര്യം എന്നായിരുന്നു കുട്ടികളുടെ ചിന്ത.

എന്നാലും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ആവശ്യം അവര്‍ തള്ളിക്കളഞ്ഞില്ല ഇരുവരെയും കളിക്കാന്‍ അനുവദിച്ചു. എന്നാല്‍ ബാറ്റ് കൈയ്യിലെടുത്ത ഇരുവരും കളിക്കാന്‍ കഷ്ടപ്പെടുന്നതുകൂടി കണ്ടതോടെ കുട്ടികള്‍ അക്ഷമരായി. ഇവര്‍ ഇത് എന്താണ് കാണിക്കുന്നത് എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്. പെട്ടെന്നാണ് ആ അമ്മൂമ്മ ഉഗ്രനൊരു ഷോട്ട് പായിച്ചത്. കുട്ടികള്‍ ആദ്യം അമ്പരന്നു, പിന്നീട് കൈയടിച്ചു.തൊട്ടുപിന്നാലെ അപ്പൂപ്പനും കളി തുടങ്ങി.

ഇതോടെ കുട്ടികള്‍ അമ്പരന്നു, അതോടെ സര്‍പ്രൈസ് അവസാനിപ്പിച്ച് അപ്പൂപ്പനും അമ്മൂമ്മയും ആ രഹസ്യം വെളിപ്പെടുത്തി. മുഖത്തൊട്ടിച്ച മാസ്‌ക് അഴിച്ചതോടെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പയും കിഡംബി ശ്രീകാന്തുമായിരുന്നു ആ മാസ്‌കിന് പിന്നില്‍. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ പ്രചരണാര്‍ത്ഥം കുട്ടികളെ ഒന്നു കളിപ്പിക്കാനായിരുന്നു ഇരുവരും വൃദ്ധരുടെ വേഷത്തില്‍ എത്തിയത്.

Top