രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണ്: അമിത് ഷാ

സില്‍വാസ്സ: കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. രാഹുല്‍ ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണെന്ന് അമിത് ഷാ പറഞ്ഞു. ദാദ്ര നാഗര്‍ ഹാവേലിയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു അമിത്ഷായുടെ പ്രസ്താവന.

‘കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണ്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തി. നിങ്ങളുടെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം’- അമിത് ഷാ പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സൈന്യം നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്റെയും സര്‍ജിക്കല്‍ സ്ട്രൈക്കിന്റെയും ആധികാരികത കോണ്‍ഗ്രസ് ചോദ്യം ചെയ്തെന്നും ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി അണിനിരക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Top