പുലര്‍ച്ച വരെ ഉറങ്ങാതിരുന്നു, ഇന്റെര്‍നെറ്റില്‍ പരതി; ബാലക്കോട്ടിനെക്കുറിച്ച് പ്രധാനമന്ത്രി

Modi

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”പുലര്‍ച്ചെ 3.40നാണ് ദൗത്യം പൂര്‍ത്തിയായതായും സേനാംഗങ്ങള്‍ എല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും എന്നെ അറിയിച്ചത്. പക്ഷേ, എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ആക്രമണത്തെ കുറിച്ചു ലോകമാകെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടോയെന്ന് ഇന്റര്‍നെറ്റില്‍ പരതി. 5.30 ആയപ്പോള്‍ ആക്രമണം സ്ഥരീകരിച്ച് പാക് ഉദ്യോഗസ്ഥന്റെ ട്വീറ്റ് വന്നു. 7 മണിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു”.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആക്രമണത്തിന്റെ പുരോഗതികള്‍ യഥാസമയം ലഭിച്ചിരുന്നോയെന്ന ചോദ്യത്തിന്, ഒരു ബസപകടം ഉണ്ടായാല്‍ കൃത്യമായി പിന്തുടരുന്ന ആളാണ് താനെന്നും അപ്പോള്‍ ഇത്തരത്തില്‍ വലിയൊരു ദൗത്യം
നടക്കുമ്പോള്‍ എങ്ങനെ ഉറങ്ങുമെന്നുമായിരുന്നു മോദിയുടെ മറുപടി. പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഭീകരവാദം കയറ്റി അയക്കുന്നത് അവര്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനയുമായി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടെങ്കിലും അവരുമായി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്യുന്നുണ്ട്. ഭീകരവാദം അവസാനിപ്പിച്ചാല്‍ പാക്കിസ്ഥാനുമായും അതിന് തയാറാണ്- മോദി പറഞ്ഞു.

ഫെബ്രുവരി 14ന് ഉച്ച തിരിഞ്ഞ് മൂന്നേ കാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്. 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇവരില്‍ വയനാട് സ്വദേശി വി വി വസന്തകുമാറും ഉള്‍പ്പെടുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പുല്‍വാമയിലേത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Top