‘മറക്കാനുള്ള അവകാശം’; മാധ്യമ സ്വാതന്ത്രവും വിവരാവകാശവും ഭീഷണിയില്‍

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മറ്റി മുന്നോട്ട് വച്ച സ്വകാര്യ വിവര സംരക്ഷണ ബില്‍ 2018ന്റെ കരടു രൂപത്തില്‍ ‘മറക്കാനുള്ള അവകാശം’ ഉള്‍പ്പെടുത്തിയിരിക്കുന്നു. വളരെ പഴയതും അത്ര പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം നീക്കം ചെയ്യാം എന്നതാണ് ഇതിന്റെ വിശദീകരണം. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിനുമെല്ലാം ഇതേ ആശയമുണ്ട്. എന്നാല്‍, അമേരിക്ക ഇപ്പോഴും ഇതിനോട് മുഖം തിരിച്ച് നില്‍ക്കുകയാണ്.

മാസി കോസ്റ്റീജ ഗോണ്‍സാലസ് ഗൂഗിളിനോടും സ്പാനിഷ് ദിനപത്രമായ ലാ വാങ്ഗാര്‍ഡിയയും 1998 ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്ഥലം വില്‍പ്പനയെ സംബന്ധിക്കുന്നതായിരുന്നു അത്. 2009ല്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി അദ്ദേഹത്തിന് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍മ്മിക്കത്തക്ക വിധത്തില്‍ വാര്‍ത്ത നിലനിര്‍ത്തുന്നത് തെറ്റാണെന്ന് നിലപാടെടുത്തു. എന്നാല്‍ സമാന രീതിയില്‍ ദ ന്യൂയോര്‍ക്കര്‍ക്കെതിരെ കേസ് വന്നപ്പോള്‍ അമേരിക്കന്‍ കോടതി നേരെ വിപരീതമായാണ് പ്രവര്‍ത്തിച്ചത്.

ഇന്ത്യയില്‍, ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്ത യുവതിയുടെ പേരിലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചപ്പോള്‍, കര്‍ണ്ണാടക ഹൈക്കോടതി ആ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുകയാണ് ചെയ്തത്. അതു പോലെ, ഒരു ബലാത്സംഗ ഇരയ്ക്ക് തന്റെ പഴയകാലം മറക്കാനുള്ള അവകാശമുണ്ട്. അതേസമയം, ഒരു കുറ്റവാളിയുടെ കേസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.

ശ്രീകൃഷ്ണ കമ്മറ്റി നല്‍കിയ ബില്ലിലെ 27-ാം സെഷന്‍ അനുസരിച്ച് അധികാരപ്പെട്ട ആള്‍ക്ക് ഒരു വിവരം ശരിയല്ല എന്നോ പ്രാധാന്യമില്ല എന്നോ തോന്നിയാല്‍ അത് പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ അഞ്ച് കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കണം. 1) സ്വകാര്യ വിവരത്തിന്റെ സ്വഭാവം. 2) പിന്‍വലിക്കുന്ന വിവരത്തിന്റെ വ്യാപ്തി. 3)പൊതു ജീവിതത്തെ ഈ വിവരം എങ്ങനെ ബാധിക്കും. 4) സമൂഹത്തില്‍ ഇതിനുള്ള പ്രാധാന്യം. 5) പിന്‍വലിക്കുന്ന രീതി. അതായത്, ഇത് ഏതെങ്കിലും വിധത്തില്‍ വീണ്ടും മറ്റുള്ളവരിലേക്ക് എത്തുമോ ഇല്ലെയോ എന്ന്.

തീരുമാനത്തില്‍ ഏതെങ്കിലും വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മേല്‍ ഘടകങ്ങളില്‍ അപ്പീല്‍ പോകാന്‍ സാധിക്കും. ആ വിവരങ്ങള്‍ ഒരു പൊതു പ്രവര്‍ത്തകനെ സംബന്ധിക്കുന്നതാണെങ്കില്‍, പ്രത്യേകിച്ച് വാര്‍ത്തയാണെങ്കില്‍ അന്തിമ തീരുമാനത്തിനായി മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കേണ്ടി വരും. വിവര സംരക്ഷണ അതോറിറ്റിയാണ് ഏറ്റവും മുകളിലുള്ളത്.

മാധ്യമ പ്രവര്‍ത്തനത്തെ വളരെയധികം ബാധിക്കുന്നതായിരിക്കും പുതിയ നിയമം എന്നാണ് വിലയിരുത്തല്‍. കാരണം. ഈ നിയമം ഉപയോഗിച്ച് പഴയ പ്രസ്താവനകളോ വാര്‍ത്തകളോ ഇല്ലാതാക്കാന്‍ സാധിക്കും. ആ നിയമം വച്ച് ആരെയും ശിക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല. അതിനാല്‍ തന്നെ വിശദമായ ഒരു നിയമം പാര്‍ലമെന്റ് പാസ്സാക്കേണ്ടി വരും. സ്വകാര്യത ലംഘനം എന്ന 4-ാം വകുപ്പും 31-ാം വകുപ്പു പ്രകാരമുള്ള ശരിയായ കൃത്യ നിര്‍വ്വഹണവും ഇതില്‍ പരിഗണിക്കും.

മാധ്യമ പ്രവര്‍ത്തനത്തിനു മാത്രമല്ല, വിവരാവകാശ നിയമത്തിനും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള നിയമമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Top