തുലാവർഷവും ന്യൂനമർദ സ്വാധീനവും ; ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ദക്ഷിണ ശ്രീലങ്കന്‍ തീരത്തിനടുത്തായി തെക്ക്- പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദമായി ഇത് മാറാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലും അപകട മേഖലകളിലും താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരണമെന്നും നിര്‍ദ്ദേശമുണ്ട്.

Top