വാട്ട്‌സ്ആപ്പ് ഉപയോക്തക്കളറിയാതെ സന്ദേശങ്ങള്‍ അയക്കുന്ന മാല്‍വെയര്‍

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അറിയാതെ അവരുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മെസേജുകള്‍ അയയ്ക്കുന്ന മാല്‍വെയര്‍ കണ്ടെത്തിയതായി ലൂക്കാസ് സ്‌റ്റെഫാന്‍കോ എന്ന സുരക്ഷാ ഗവേഷകൻ. ‘ആന്‍ഡ്രോയിഡ് വോം’ എന്നറിയപ്പെടുന്ന ഈ മാല്‍വെയര്‍ ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും ഇത് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും ഇതിനു കഴിയും. മാത്രവുമല്ല, അവരുടെ അക്കൗണ്ട് പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികളെ പോലെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനും ഈ മാല്‍വെയറിനു സാധിക്കും. ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ച്‌ സ്‌റ്റെഫാന്‍കോ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വാവേ മൊബൈല്‍ ആപ്പ് പോലെ തോന്നിക്കുന്ന ലിങ്ക് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഇതിന്റെ രീതി. ഇങ്ങനെ ചെയ്താല്‍ വാട്ട്‌സ്ആപ്പ് മെസേജ് ഓട്ടോമാറ്റിക്കായി മറുപടി നല്‍കുന്ന വിധത്തില്‍ മാല്‍വെയര്‍ വ്യാപിക്കുന്നു. ഒരേ കോണ്‍ടാക്റ്റിലേക്ക് മണിക്കൂറില്‍ ഒരു തവണ മാത്രമാണ് മെസേജ് പോകുന്നത്. അതു കൊണ്ട് തന്നെ ഇത് ആഡ്‌വെയര്‍ അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്‌കാം ആണെന്ന് തോന്നുന്നുവെന്ന് ലൂക്കാസ് പറയുന്നു. ഒരു സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ നേടുന്നതിന് ഒരു ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് നിങ്ങളോട് ആവശ്യപ്പെടും. നിങ്ങള്‍ ലിങ്കില്‍ ടാപ്പുചെയ്യുമ്പോള്‍, നിങ്ങളുടെ ഫോണിലേക്ക് ഒരു വാവേ മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുന്നുവെന്ന ധാരണ നിങ്ങള്‍ക്ക് ലഭിക്കും. സന്ദേശം തെറ്റല്ലെന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കാന്‍, ഒരു വ്യാജ ഗൂഗിള്‍ പ്ലേ പേജും കാണിക്കും. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ നിങ്ങളുടെ ഫോണിലേക്ക് ആന്‍ഡ്രോയിഡ് വോം കടക്കും. ഇതിന് ബാങ്കിംഗ് ട്രോജനുകള്‍, സ്‌പൈവെയര്‍ എന്നിവ വിതരണം ചെയ്യാന്‍ കഴിയും, ലൂക്കാസ് പറയുന്നു.

വാട്ട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലിങ്കുകളെ അവഗണിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. അറിയപ്പെടുന്ന ഒരു കോണ്‍ടാക്റ്റില്‍ നിന്നും അത്തരം സംശയാസ്പദമായ എന്തെങ്കിലും സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, സന്ദേശം അയച്ചതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യണമെങ്കില്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് മാത്രം ചെയ്യുക.

Top