ആന്‍ഡ്രോയിഡ് 4.1ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഒക്ടോബറിന് ശേഷം വാട്സാപ്പ് ലഭ്യമാവില്ല

മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഇത്തവണയും സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. നിശ്ചിത ഇടവേളകളില്‍ ചില പഴയ സ്മാര്‍ട്ഫോണ്‍ മോഡലുകളെ സേവനം നല്‍കുന്നതില്‍ നിന്ന് കമ്പനി ഒഴിവാക്കാറുണ്ട്. പുതിയ ഒഎസ് വേര്‍ഷനുകള്‍ക്ക് പുതിയ ഫീച്ചറുകള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം. ആന്‍ഡ്രോയിഡ് 4.1 ലും, അതിന് മുമ്പുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്സാപ്പ് ലഭിക്കില്ല. ചില ഐഫോണ്‍ മോഡലുകളും ഇക്കൂട്ടത്തിലുണ്ട്.

സാംസങ് ഗാലക്‌സി S2, നെക്‌സസ് 7, ഐഫോണ്‍ 5, ഐഫോണ്‍ 5c, ആര്‍ക്കോസ് 53 പ്ലാറ്റിനം, ഗ്രാന്‍ഡ് എസ് ഫ്‌ളക്‌സ് സെഡ്.ടി.ഇ, ഗ്രാന്‍ഡ് എക്‌സ് ക്വാഡ് വി 987 സെഡ്.ടി.ഇ, എച്ച്.ടി.സി ഡിസൈര്‍ 500, ഹുവായ് അസെന്‍ഡ്, ഹുവായ് അസെന്‍ഡ് ഡി 1, എച്ച്.ടി.സി 1 ഡി, സോണി എസ്പീരിയ സെഡ്, എല്‍.ജി ഒപ്ടിമസ് ജി പ്രൊ, സാംസങ് ഗാലക്‌സി നെക്‌സസ്, എച്ച്.ടി.സി സെന്‍സേഷന്‍, മോട്ടറോള ഡ്രോയിഡ് റേസര്‍, സോണി സ്പീരിയ എസ് 2, മോട്ടറോള സ്റൂം, സാംസങ് ഗാലക്‌സി ടാബ് 10.1, അസ്യൂസ് ഇ പാഡ് ട്രാന്‍സ്ഫോര്‍മര്‍, ഏസര്‍ ഐകോണിയ ടാബ് A5003, സാംസങ് ഗാലക്‌സി എസ്, എച്ച്.ടി.സി ഡിസൈര്‍ എച്ച്.ഡി, എല്‍.ജി ഒപ്ടിമസ് 2 എക്‌സ്, സോണി എറിക്സണ്‍ എസ്പീരിയ ആര്‍ക്ക്3 തുടങ്ങിയ മോഡലുകള്‍ക്കാണ് സേവനം നഷ്ടപ്പെടുക.

പഴയ ഫോണുകളായതിനാല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കാനാണ് സാധ്യത. എങ്കിലും സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്സാപ്പ് നല്‍കും. എന്തായാലും, ഒക്ടോബര്‍ 24 ന് ശേഷം ഈ ഫോണുകളില്‍ സേവനം നല്‍കുന്നത് വാട്സാപ്പ് അവസാനിപ്പിക്കും.

പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയിഡ് ഒഎസ് ഏതാണെന്ന് പരിശോധിക്കുക. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിന് പഴയ പതിപ്പ് ആണെങ്കില്‍ ഫോണ്‍ അപ്ഗ്രേഡ് ചെയ്യുക. വാട്സാപ്പ് ലഭിക്കില്ല എന്നത് മാത്രമല്ല സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കാത്ത പഴയ ഓഎസ് പതിപ്പുകള്‍ സുരക്ഷിതമല്ല.

Top