വാട്സാപ്പ് വെബ്ബില്‍ ഇനി വീഡിയോ കോള്‍; മെസഞ്ചര്‍ റൂംസ് സേവനം ഒരുങ്ങുന്നു

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്ക് ഗുണകരമാവുന്ന പുതിയ ചില ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് രംഗത്തിറത്തിറക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വാട്‌സാപ്പ് വെബ്ബിലും മെസഞ്ചര്‍ റൂംസ് സേവനം ഒരുക്കുന്നു.

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ പദ്ധതികളെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് മെസഞ്ചര്‍ റൂംസ് സേവനം വാട്‌സാപ്പ് വെബ്ബില്‍ ലഭ്യമാക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സാപ്പ് വെബ് വേര്‍ഷന്‍ 2.2019.6 ല്‍ ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണെന്നും വാബീറ്റാ ഇന്‍ ഫോ പറയുന്നു.വാട്‌സാപ്പ് വെബില്‍ മെസഞ്ചര്‍ റൂമിലേക്കുള്ള ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചര്‍ റൂംസ് വിന്‍ഡോ തുറക്കും. അവിടെ വീഡിയോ ചാറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ നിന്നോ മെസഞ്ചറില്‍ നിന്നും മെസഞ്ചര്‍ റൂംസ് കോള്‍ ചെയ്യാം. അതിനായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിലേത് പോലെ തന്നെ വാട്ട്‌സാപ്പില്‍ നിന്നും റൂം നിര്‍മിക്കാനാവും.

അതേസമയം, വാട്‌സാപ്പ് വെബ്ബില്‍ മെസഞ്ചര്‍ റൂം പിന്തുണ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. മെസഞ്ചര്‍ റൂംസ് ഇപ്പോഴും പൂര്‍ണ പ്രചാരം നേടിയിട്ടില്ലാത്തതിനാല്‍ വാട്‌സാപ്പില്‍ ഈ സേവനം ലഭ്യമാക്കുന്നത് വൈകാനാണ് സാധ്യത.

Top