അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

വാട്ട്സാപ്പിൽ മെസേജ് അയച്ച് അത് തെറ്റിപ്പോയാലോ, അയച്ച സന്ദേശത്തിൽ എന്തെങ്കിലും അബദ്ധം പറ്റിയാലോ സന്ദേശം ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കേണ്ടി വരുന്നു എന്നത് വാട്ട്സാപ്പ് ഉപയോക്താക്കൾ നേരിടുന്ന പ്രതിസന്ധിയാണ്. എന്നാലിതാ, ഒരാൾക്ക് അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. സന്ദേശങ്ങളിൽ അക്ഷരതെറ്റോ, പിഴവുകളോ വരുമ്പോഴും മറ്റും ആവശ്യമായ തിരുത്തുകൾ വരുത്താൻ പറ്റുന്നതാണ് പുതിയ ഫീച്ചർ.

പുതിയ ഫീച്ചറിൻറെ പരീക്ഷണം വാട്ട്സാപ്പ് ആരംഭിച്ചതായാണ് റിപ്പോർട്ട്. നിലവിൽ വാട്‌സാപ്പ് ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂർത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭിക്കൂ. വാബീറ്റാ ഇൻഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ഒരാൾക്ക് എത്ര തവണ സന്ദേശം എഡിറ്റ് ചെയ്യാം എന്നോ സന്ദേശം എഡിറ്റ് ചെയ്‌താൽ സ്വീകർത്താവിന് അത് അറിയിക്കാനാവുമോ എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വാബീറ്റ വ്യക്തമാക്കുന്നില്ല.

സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്യുമ്പോൾ വരുന്ന ഇൻഫോ, കോപ്പി ഓപ്ഷനുകൾക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീൻഷോട്ടും വാബീറ്റ ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ മെസേജ് റിയാക്ഷനുകൾക്ക് വ്യത്യസ്ത സ്‌കിൻ ടോണുകളും പരീക്ഷിക്കുന്നുണ്ട്.

Top