വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഇനി വായ്പാ, ഇന്‍ഷുറന്‍സ് സേവനങ്ങളും

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. വായ്പ, മൈക്രോ ഇന്‍ഷുറന്‍സ്, മൈക്രോ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ തന്ത്രത്തിന് അനുസൃതമായി ചെറുകിട ബിസിനസ് വായ്പകള്‍, മൈക്രോ പെന്‍ഷന്‍, ആഭ്യന്തര സേവന ദാതാക്കളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളില്‍ സാമ്പത്തിക സേവനങ്ങള്‍ ആരംഭിക്കാന്‍ വാട്ട്സ്ആപ്പ് ഇന്ത്യ തയാറെടുക്കുകയാണ്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ വായ്പ നല്‍കുന്നവരുമായി ഈ മെസേജിംഗ് / പേയ്മെന്റ് സേവന ആപ്ലിക്കേഷന്‍ ഇതിനകം തന്നെ സര്‍വീസ് ഡെലിവറി ആരംഭിച്ചിട്ടുണ്ടെന്നും വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമിലുടെ സമ്പൂര്‍ണ്ണ പേയ്മെന്റ് സേവനങ്ങള്‍ തുടങ്ങാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി വാട്സ്ആപ്പിന് ഇതുവരെ ലഭ്യമായിട്ടില്ല.

ബാങ്കുകളുമായി കൈകോര്‍ക്കുന്നതിലൂടെ ഉപഭോക്താക്കളെ ഓട്ടോമേറ്റഡ് ടെക്സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്കുകളില്‍ അവരുടെ വാട്ട്‌സ്ആപ്പ് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനും വാട്ട്‌സ്ആപ്പ് വഴി അവരുടെ ബാലന്‍സ്, ഓഫറുകള്‍ എന്നിവയും മറ്റ് വിവരങ്ങളും പരിശോധിക്കാനും കഴിയുന്നതാണ്. മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും വാട്ട്സ്ആപ്പ് ലക്ഷ്യമിടുന്നു. ഇന്‍ഷുറന്‍സ്, മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കും.

Top