ജാര്‍ഖണ്ഡില്‍ ഏഴുപേരെ തല്ലിക്കൊന്ന കേസില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

crime

റാഞ്ചി: രണ്ടു സംഭവങ്ങളിലായി ഏഴുപേരെ ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം തല്ലിക്കൊന്ന കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ 19 പേരെ അറസ്റ്റ് ചെയ്തു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചാണ് സിങ്ഭും ജില്ലയില്‍ ജനക്കൂട്ടം ആളുകളെ തല്ലിക്കൊന്നത്. വാട്ട്‌സ്ആപ്പിലൂടെ പ്രചരിച്ച തെറ്റായ സന്ദേശങ്ങളാണു ജനക്കൂട്ടത്തെ അക്രമത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

നാഗഡിയില്‍ വികാസ് കുമാര്‍ വര്‍മ, ഗൗതം കുമാര്‍ വര്‍മ, ഗണേഷ് ഗുപ്ത എന്നിവരെ വീട്ടില്‍നിന്നു വലിച്ചിറക്കിയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഒരു വയോധികയെയും ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന ശക്തമായ പ്രചാരണം മേഖലയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

തട്ടിക്കൊണ്ടു പോകല്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തില്‍ രാജാനഗറിലെ ശോഭപുരിലും സോസോമൗലി ഗ്രാമത്തിലും നാലു പേരെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.

കുട്ടികളെ സംഘം തട്ടിയെടുത്തശേഷം കൊലപ്പെടുത്തി അവയവങ്ങള്‍ വില്‍ക്കുന്നുവെന്ന വാട്ട്‌സ്ആപ്പ് സന്ദേശമാണ് പ്രചരിക്കുന്നതെന്ന് ജാര്‍ഖണ്ഡ് ഐജി (ഓപ്പറേഷന്‍സ്) ആശിഷ് ബത്ര അറിയിച്ചു. ഇതു ഗ്രാമീണരെ സ്വാധിനിച്ചിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനുനേരെയും നാട്ടുകാര്‍ ആക്രമണത്തിനു മുതിര്‍ന്നു. ചില പൊലീസുകാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അതിനിടെ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നാണു സൂചന.

Top