WhatsApp Releases Meassage Quote Feature

ജനപ്രിയ മെസേജിങ് നെറ്റ്‌വര്‍ക്കായ വാട്ട്‌സാപ്പില്‍ ചാറ്റിനു മറുപടി അയയ്ക്കല്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി മെസേജ് ക്വോട്ട് ഫീച്ചര്‍ എന്ന പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു.

ഈ പുതിയ ഫീച്ചറുപയോഗിച്ചു റിപ്ലേ ചെയ്യുമ്പോള്‍ മെസേജുകള്‍ ക്വോട്ട് ചെയ്ത് അയയ്ക്കാനാകും. അടുത്തിടെ ബേറ്റ വേര്‍ഷനില്‍ നിയന്ത്രിത ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.

പുതിയ വേര്‍ഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ്‌സ്റ്റോറിലും നിന്നു ഡൗണ്‍ലോഡ് ചെയ്യാനാകും.

മറുപടി നല്‍കേണ്ട സന്ദേശത്തില്‍ ലോങ് പ്രസ് ചെയ്താല്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാര്‍, ഡിലീറ്റ്, ഫോര്‍വേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് അപില്‍ ലഭ്യമാണ്.

റിപ്ലേ ബട്ടണില്‍ ടാപ് ചെയ്യുമ്പോള്‍ ആദ്യ സന്ദേശം ക്വോട്ട് ആയി മാറും. അതേ സമയം സന്ദേശം അയച്ചയാള്‍ക്ക് ഇത്തരത്തില്‍ ലഭിക്കുന്ന ക്വോട്ടഡ് റിപ്ലേകള്‍ പ്രത്യേക നിറത്തിലുള്ള ബോക്‌സിലായാണു കാണുക.

സ്വകാര്യ ചാറ്റിങ്ങിലും ഗ്രൂപ്പ് ചാറ്റിങ്ങിലും ഒരുപോലെ ഉപകാരപ്രദമാണ് ഈ പുതിയ ഫീച്ചര്‍.

അടുത്തിടെ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ വിഡിയോ കോളിങ് സേവനം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ കമ്പനി ഉടന്‍ തന്നെ ഈ സേവനം പിന്‍വലിച്ചിരുന്നു.

ജിഫ് ഇമേജ് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണു മറ്റൊരു അപ്‌ഡേറ്റ്. ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കു മാത്രമാണു ലഭ്യമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണ്‍ കവിഞ്ഞതായി വാട്ട്‌സാപ് വെളിപ്പെടുത്തിയിരുന്നു.

ഫയല്‍ ഷെയറിങ് സേവനം നല്‍കിത്തുടങ്ങിയ വാട്ട്‌സാപ്പ് തങ്ങളുടെ വെബ് വേര്‍ഷന്റെ വിന്‍ഡോസ്, ഓഎസ് എക്‌സ് വേര്‍ഷനുകള്‍ക്കായി ഡെസ്‌ക്ടോപ് വേര്‍ഷനും നേരത്തെ പുറത്തിറക്കിയിരുന്നു.

Top