വീണ്ടും അപ്‌ഡേറ്റഡായി വാട്ട്‌സ്ആപ്പ്; നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ലഭ്യമാകും

വീഡിയോയും, ചിത്രവും സ്‌ക്രീനിലെ കാഴ്ചയിലിരിക്കുമ്പോള്‍ തന്നെ ഉടനടി റിപ്ലൈ അറിയിക്കാന്‍ സാധിക്കുന്ന പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ് എത്തി. നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം. രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് സൂചന.

സമീപകാലത്ത് വാട്ട്‌സ്ആപ്പ് ‘ചാനലുകള്‍’ അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ചാനലുകള്‍ ഒരു വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണ്. കൂടാതെ  ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാര്‍ക് ഉടനെ നീലയാക്കും. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവരുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. 24 മണിക്കൂര്‍ മുതല്‍ പരമാവധി രണ്ട് ആഴ്ചയും വരെ തിരഞ്ഞെടുക്കാം. പണമിടപാട് നടത്താനുള്ള അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം.

എല്ലാ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും വാട്ട്‌സാപ്പിലൂടെ പണമിടപാടുകള്‍ നടത്താം. വാട്ട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്ട്‌സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാന്‍ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേ യു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വഴി ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുക എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് സാരം.

Top