ബിടെക് പരീക്ഷയിൽ കോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ നടന്ന കോപ്പിയടിയിൽ 28 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. ഒക്ടോബർ 23നു നടന്ന പരീക്ഷയിലാണ് കൂട്ടകോപ്പിയടി നടന്നത്. 4 കോളേജുകളിലാണ് കോപ്പിയടി നടന്നിരിക്കുന്നത്. 4 കോളജുകളിലെയും പ്രിൻസിപ്പൽമാരോട് അച്ചടക്ക സമിതി കൂടി 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരീക്ഷ ഹാളിൽ മൊബൈൽ ഫോണിനു വിലക്കുണ്ടായിരുന്നു. വിദ്യാർഥികൾ രണ്ട് ഫോൺ കൊണ്ടുവന്ന ശേഷം ഒരു ഫോൺ അധ്യാപകരുടെ സാന്നിധ്യത്തിൽ പുറത്തുവച്ച ശേഷം രണ്ടാമത്തെ ഫോണുമായി ഹാളിലേക്കു കയറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 16 ഫോണുകൾ ഒരു കോളേജിൽ നിന്നും 10 ഫോണുകൾ മറ്റൊരു കോളേജിൽ നിന്നും ഓരോ ഫോൺ വീതം മറ്റു രണ്ടു കോളേജുകളിൽ നിന്നും കണ്ടെടുത്തു. മൊബൈൽ ഫോൺ പിടിച്ചാൽ സർവകലാശാല ചട്ടം അനുസരിച്ച് ഡീബാർ ചെയ്യാം. ചിലയിടങ്ങളിൽ ഫോൺ തിരികെ കിട്ടാൻ വിദ്യാർഥികൾ ബഹളമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.

ഓരോ വിഷയങ്ങൾക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു കോപ്പിയടി. ചോദ്യങ്ങൾ വാട്സ്ആപ്പ് വഴി പുറത്തേക്ക് അയച്ചാണ് ഉത്തരങ്ങൾ എഴിതിയിരിക്കുന്നത്. ചില ഗ്രൂപ്പുകളിൽ 75 മാർക്കിൻറെ ഉത്തരങ്ങൾ അയച്ചതായി കണ്ടെത്തി. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കണ്‍ട്രോളര്‍ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പരീക്ഷ നവംബർ അഞ്ചിന് വീണ്ടും നടത്തും.

Top