ജമ്മുകശ്മീര്‍ ഉള്‍പ്പെടാത്ത ഭൂപടം നല്‍കി വാട്‌സാപ്പ്; കേന്ദ്ര മന്ത്രി ഇടപെട്ടു, ഖേദപ്രകടനം

ന്യൂഡല്‍ഹി: പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ ഖേദപ്രകടനവുമായി വാട്‌സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തെറ്റുചൂണ്ടിക്കാട്ടി ട്വീറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭൂപടം നീക്കിയശേഷം വാട്സാപ്പ് ഖേദപ്രകടനം നടത്തിയത്.

ഇന്ത്യയില്‍ ബിസിനസ് ചെയ്യണമെന്നുള്ളവര്‍ ശരിയായ ഭൂപടങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി ട്വീറ്റില്‍ കുറിച്ചു. ഇതിനു മറുപടിയായി മനഃപൂര്‍വമല്ല തെറ്റുസംഭവിച്ചതെന്ന് വാട്സാപ്പ് ട്വീറ്റ് ചെയ്തു. ഭാവിയില്‍ കരുതലോടെയിരിക്കുമെന്നും അറിയിച്ചു. ജമ്മുകശ്മീര്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇതാദ്യമായല്ല കേന്ദ്രമന്ത്രി ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിക്കൊണ്ടുള്ള വീഡിയോ ട്വീറ്റ് ചെയ്ത സൂം സി.ഇ.ഒ എറിക് യുവാനും സമാനമായ മുന്നറിയിപ്പ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരുന്നു. എറിക് യുവാനെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. വൈകാതെ ട്വീറ്റ് എറിക് യുവാന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Top