വാട്‌സ്ആപ്പ് ഡൗൺലോഡുകളിൽ വമ്പൻ ഇടിവ്

പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതു മുതൽ വാട്‌സ്ആപ്പ് ഡൗൺലോഡുകളിൽ വമ്പൻ ഇടിവ്.  പുതിയ പോളിസികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി രണ്ടു തവണ മാറ്റാൻ  വാട്‌സ്ആപ്പ് നിർബന്ധിതരായി എന്ന് മാത്രമല്ല ആപ്പിന്റെ ഡൌൺലോഡുകളിലും വൻ ഇടിവുണ്ടായി. ജനുവരി മുതൽ ഏപ്രിൽ വരെ 40 ശതമാനം കുറവാണ് വാട്‌സ്ആപ്പ് ഡൗൺലോഡുകളിൽ ഉണ്ടായത്. സിഗ്നൽ, ടെലിഗ്രാം എന്നിവയുൾപ്പെടെയുള്ള മറ്റ് മെസേജിങ് ആപ്പുകൾക്ക് ഇതേ കാലയളവിൽ ഡൗൺലോഡുകളുടെ കാര്യത്തിൽ വലിയ വർധനവ് ഉണ്ടായി.

സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതുമുതൽ ആളുകൾ വാട്‌സ്ആപ്പ് ഡൗൺലോഡു ചെയ്യുന്നത് കുറഞ്ഞു. 2021ന്റെ ആദ്യ നാല് മാസങ്ങളിൽ, ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്ത ആളുകളുടെ എണ്ണം 98 ശതമാനം ഉയർന്ന് 161 ദശലക്ഷത്തിലധികമായി. സിഗ്നൽ ഡൌൺ‌ലോഡുകളിൽ 1,192 ശതമാനം വർധനവാണ് ഉണ്ടായത്. 64.6 ദശലക്ഷം ഡൌൺലോഡ്സ് ആണ് സിഗ്നലിന് ലഭിച്ചത്. ലോകമെമ്പാടുമുള്ള  വാട്‌സ്ആപ്പിന്റെ മൊബൈൽ ആപ്പ് ഡൌൺലോഡ്സ് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 43 ശതമാനം കുറഞ്ഞു. എങ്കിലും എതിരാളികളെ മറികടന്ന് ഏകദേശം 172.3 ദശലക്ഷത്തിലേക്ക് വാട്‌സ്ആപ്പ് എത്തിയിട്ടുണ്ട്.

Top