ഉദ്യോഗാര്‍ത്ഥികള്‍ക്ക് വമ്പന്‍ അവസരം ; വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്ട്‌സ്ആപ്പ്

Whatsapp

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ് കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ വലിയ മാറ്റത്തിനൊരുങ്ങുന്നതായി സൂചന.

ഇതിന്റെ ഭാഗമായി സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളെയും ഉല്‍പ്പന്ന വികസന വിഭാഗത്തെയും നിയന്ത്രിക്കുന്നതിനായി കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നുണ്ട്.

പ്രൊഡക്റ്റ് മാനേജര്‍, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മാര്‍ക്കറ്റിംഗ് പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, കമ്പനിയുടെ ബിസിനസിനെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്ന ബിസിനസ് കമ്യൂണിക്കേഷന്‍സ് തസ്തിക എന്നിവയാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്ന വാട്ട്‌സാപ്പിലെ സ്ഥാനങ്ങള്‍.

പ്രൊഡക്റ്റ് മാനേജര്‍, പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ലോക്കല്‍, സെര്‍ച്ച്, പേമെന്റ് എന്നിവയില്‍ മുന്‍ പരിചയം ആവശ്യമാണ്. പ്രൊഡക്റ്റ് മാനേജ്‌മെന്റ് ,പ്രൊഡക്റ്റ് ഡിസൈന്‍ എക്‌സ്പീരിയന്‍സ്, മൊബൈല്‍ ആപ്പുകളുടെ സാങ്കേതിക ഘടനയെക്കുറിച്ചുള്ള അറിവ്, യൂസര്‍ ഇന്റര്‍ഫേസ്, മൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഡിസൈന്‍, എന്നീ മേഖലകളില്‍ പത്ത് വര്‍ഷമെങ്കിലും അനുഭവജ്ഞാനമുള്ളവരെയാണ് കമ്പനി അന്വേഷിക്കുന്നത്.

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാനത്തായിരിക്കും പുതിയ നിമയനങ്ങള്‍. വാട്ട്‌സാപ്പ് ആപ്ലിക്കേഷന് വലിയ പ്രചാരമുള്ള ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വിപണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഈ വര്‍ഷമവസാനത്തോടെ യുപിഐ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷനോട് ഏകീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. തങ്ങളുടെ ബിസിനസ് പദ്ധതികളെപ്പറ്റി വളരെ കുറച്ച് വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താറുള്ള വാട്ട്‌സാപ്പ് പരസ്യങ്ങളടക്കമുള്ള ച്രചാരണങ്ങളിലും അധികം ശ്രദ്ധിക്കാറില്ല.

ഈ വര്‍ഷമാദ്യം വാട്ട്‌സാപ്പ് മാതൃ കമ്പനിയായ ഫേസ്ബുക്കില്‍ നിന്നും തങ്ങളുടെ ആദ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ തെരഞ്ഞെടുത്തിരുന്നു.

ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ച ബിസിനസ് ചാറ്റിന് സമാനമായി ഉപഭോക്താക്കള്‍ക്ക് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഒരു സൗകര്യം ആരംഭിക്കാനും പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.

2014 ല്‍ 19 ബില്ല്യണോളം ഡോളറിന് ഫേസ്ബുക്ക് സ്വന്തമാക്കിയ വാട്ട്‌സാപ്പിന് 180 രാജ്യങ്ങളിലായി ഒരു ബില്ല്യണിലധികം ഉപഭോക്താക്കളാണുള്ളത്.

Top