വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകനോട് ജില്ലാഭരണകൂടം

whatsapp

ഉത്തര്‍പ്രദേശ്: വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ലളിത്പുര്‍ ജില്ലാഭരണകൂടമാണ് പ്രദേശിക മാധ്യമപ്രവര്‍ത്തകനോട് ഗ്രൂപ്പുകള്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ഐടി ആക്ട് പ്രകാരം നിയമ നടപടികള്‍ നേരിടണമെന്ന് അറിയിച്ചത്.

എല്ലാ മാധ്യമപ്രവര്‍ത്തകരോടും തങ്ങള്‍ കൈകാര്യം ചെയ്യുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.

ഗ്രൂപ്പുകളുടെ അഡ്മിനുകളുടെ ആധാര്‍ കാര്‍ഡും ഫോട്ടോയും മറ്റ് അംഗങ്ങളുടെ പേരു വിവരങ്ങളും അവരുടെ തിരിച്ചറിയല്‍ രേഖകളും ഇന്റഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും കൃത്യമായി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ചൗക്കി ഗ്രാമത്തിലെ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്ന് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമാണ് തീരുമാനമെന്ന് ഒരു വിഭാഗം ആരോപിച്ചു.

അതേസമയം,നിരവധി മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പിന്‍വലിച്ചു.

ജില്ലാഭരണകൂടത്തിന്റെ തീരുമാനം മാത്രമാണിതെന്നും സംസ്ഥാനത്തിന് ഇതില്‍ പങ്കില്ലെന്നും ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികരിച്ചു.

Top