വാട്‌സ് ആപ്പ് ,ഐ മെസേജ് അക്കൗണ്ടുകള്‍ ചോര്‍ത്തി കോടികള്‍ കൊയ്യാം !

വാട്‌സ് ആപ്പ് ,ഐ മെസേജ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് വന്‍തുക ഓഫര്‍ പ്രഖ്യാപിച്ച് സെറോഡിയം കമ്പനി. ഹാക്കിങ് ടൂളുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കമ്പനിയാണ് സെറോഡിയം.

ഹാക്ക് ചെയ്യാനുള്ള വഴി പറഞ്ഞു കൊടുക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസിനും ഹാക്കര്‍മാര്‍ക്കും ഇടയില്‍ ഒരു ഇടനിലക്കാരെന്ന നിലയിലാണ് സെറോഡിയം കമ്പനി പ്രവര്‍ത്തിക്കുന്നത്.

വാട്‌സ് ആപ്പ് പോലുള്ള ആപ്ലിക്കേഷനാണ് ചിലര്‍ നിയമവിരുദ്ധ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത്. എന്‍ഡു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ ഇതിന്റെ സുരക്ഷ ഭേദിക്കുകയെന്നത് അത്ര എളുപ്പമല്ല.

ഇത്തരം മെസേജിങ് സര്‍വീസുകള്‍ ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവരെ ട്രാക്ക് ചെയ്യാന്‍ വാട്‌സ് ആപ്പ് , ഐ മെസേജ് അക്കൗണ്ട് ഹാക്ക് ചെയ്‌തേ മതിയാകൂ. അവരുപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വാങ്ങി പരിശോധിക്കുന്നത് എല്ലായ്‌പ്പോഴും പ്രായോഗികമല്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഈ ഹാക്കിങ് ടൂള്‍ പ്രയോജനപ്രദമാകുന്നത്.

ഹാക്കിങ് നിയമനടപടി നേരിടാന്‍ സാധ്യതയുള്ള കുറ്റമാണ്. എന്നാല്‍ ഹാക്കിങിലെ മികവ് ധാര്‍മികമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കോടികള്‍ കൊയ്യാന്‍ വഴിയൊരുക്കും. ഹാക്കിങ് ടൂളിന് ആവശ്യക്കാരായ കമ്പനികളുണ്ടാകും. അവര്‍ അത് പിന്നീട് നിയമപാലകര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ ആ ടൂളുകള്‍ കൈമാറും എന്നുമാണ് അവകാശപ്പെടുന്നത്.

Top