പലസ്തീനികള്‍ എന്തു തന്നെ ചെയ്താലും അവര്‍ നിരപരാധികളാണ്; പിന്തുണയുമായി എം സ്വരാജ്

തിരുവനന്തപുരം: പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്. എന്ന തലക്കെട്ടിലാണ് സ്വരാജ് കുറിപ്പെഴുതിയത്. പലസ്തീനികള്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്. ഏതു യുദ്ധവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.

പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവര്‍ മുക്കാല്‍ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്. കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോള്‍ നിശബ്ദരായിരുന്നവരാണ്. അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളര്‍ന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാന്‍ അറച്ചുനിന്ന മനുഷ്യ സ്‌നേഹികളില്‍ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല. ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികള്‍ എന്തു തന്നെ ചെയ്താലും അവര്‍ നിരപരാധികളാണെന്ന് സ്വരാജ് കുറിച്ചു.

ലോക ഭൂപടത്തില്‍ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകള്‍ മാത്രമാണിന്നു പലസ്തീന്‍. ആ ചെറുതരികള്‍ കൂടി കവര്‍ന്നെടുക്കാനും ഒടുവിലത്തെ പലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളര്‍ന്നു നില്‍ക്കുമ്പോള്‍ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവര്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികള്‍ തന്നെ എന്നും സ്വരാജ് കുറിച്ചു.

Top