പറയാനുള്ളത് ആര്‍എസ്എസ് പരുപാടിയില്‍ നാഗ്പുരില്‍ പറയും ; വായടപ്പിച്ച് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്ത്. വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്ന് പ്രണബ് പറഞ്ഞു.

എനിക്കെന്താണോ പറയാനുള്ളത് അത് നാഗ്പുരില്‍ പറയും. ഒരുപാടു കത്തുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ലന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം തീരുമാനം പുനഃപരിശോധിക്കണമെന്ന് ജയറാം രമേശ്, സി.കെ.ജാഫര്‍ ഷെരീഫ്, രമേശ് ചെന്നിത്തല, അദിര്‍ ചൗധരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്ന് പി.ചിദംബരവും മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ ഇതിലും നല്ല വേദി ലഭിക്കില്ലെന്നു സുശീല്‍കുമാര്‍ ഷിന്‍ഡെയും പാര്‍ട്ടി പ്രണബില്‍ വിശ്വാസമര്‍പ്പിക്കണമെന്നു സല്‍മാന്‍ ഖുര്‍ഷിദും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ആര്‍എസ്എസ് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ പോലെയല്ല, ദേശീയവാദികളുടെ സംഘടനയാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ നല്ലതല്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

സ്വയംസേവകര്‍ക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വര്‍ഗ്) സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണ് പ്രണബ് സ്വീകരിച്ചത്.

Top