അർഹതപ്പെട്ടത് കേന്ദ്രം മമ്മുട്ടിയ്ക്ക് നൽകാതിരുന്നതിന് പിന്നിൽ രാഷ്ട്രീയം ?

ടന്‍ മമ്മൂട്ടിക്ക് അര്‍ഹതപ്പെട്ട എല്ലാ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നതാണ് ചോദ്യമെങ്കില്‍ രാഷ്ട്രീയവും ഉണ്ട് എന്നത് തന്നെയാണ് ഉത്തരം. ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടിയ എഴുത്തുകാരന്‍ എന്‍പി ഉല്ലേഖിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. അവാര്‍ഡുകളില്‍ രാഷ്ട്രീയമില്ല എന്ന വാദം ശക്തമായി ഉയര്‍ത്തുന്ന കേരളത്തിലെ സംഘമിത്രങ്ങളുടെ വാദത്തെയും അദ്ദേഹം രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരക്കാരെ നയിക്കുന്നത് sense of guilt ആണെന്നാണ് ഉലേഖ് പറയുന്നത്. 1998-ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടിക്ക് പദ്മഭൂഷന്‍ ഇതുവരെ കിട്ടാതിരിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് എന്ന ജോണ്‍ ബ്രിട്ടാസിന്റെ നിഗമനങ്ങളെ പൂര്‍ണ്ണമായും ശരിവെച്ചും എതിര്‍വാദങ്ങളെ തള്ളിക്കളഞ്ഞുമാണ് തന്റെ വാദമുഖങ്ങള്‍ ഈ എഴുത്തുകാരന്‍ പങ്കുവച്ചിരിക്കുന്നത്. അതാകട്ടെ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.

1998ല്‍ മമ്മൂട്ടിക്കു പദ്മ അവാര്‍ഡ് നല്‍കിയത് വാജ്‌പേയ് സര്‍ക്കാര്‍ ആയിരുന്നുവെന്ന വാദത്തെയും ഉല്ലേഖ് വിമര്‍ശിച്ചിട്ടുണ്ട്. ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരാണ് 1998-ല്‍ മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയതെന്നാണ് വാദം. ഈ വാദമാകട്ടെ ശരിയുമാണ്. മറ്റു ചില കാര്യങ്ങള്‍ കൂടി ഈ എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതില്‍ പ്രധാനം 1971-ല്‍ ഇന്ദിരാഗാന്ധി സ്വയം അവര്‍ക്കു തന്നെ ഭാരത് രത്‌ന നല്‍കി എന്നതാണ്. ഇതിനെ വിമര്‍ശിക്കാന്‍ സംഘപരിവാറുകാര്‍ക്ക് മടിയാണെന്നും അതിനു കാരണം അവരെ പോലെ ആവാന്‍ ആഗ്രഹമുള്ള ചില ഭരണാധികാരികള്‍ അവര്‍ക്കിടയില്‍ ഉണ്ട് എന്നത് കൊണ്ടാണെന്നാണ് ആരോപണം. സര്‍വ്വാധിപത്യത്തോടുള്ള കൊതി ഭക്തിയായി മാറുന്ന കാഴ്ച കൗതുകത്തോടെ കാണണമെന്നും ഇന്ദിരാ ഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധി പട്ടേലിനും അംബേദ്കര്‍ക്കും അന്നുവരെ കിട്ടാത്ത ഭാരത് രത്‌ന 1988-ല്‍ മരണാനന്തരം എംജി രാമചന്ദ്രന് കൊടുത്തതിന്റെ വിശദീകരണം എന്താണെന്നതും തന്റെ പോസ്റ്റില്‍ എന്‍.പി ഉല്ലേഖ് ചോദിച്ചിട്ടുണ്ട്. നഗ്‌നമായ രാഷ്ട്രീയ വിലപേശലായിരുന്നു അതെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

1989ലെ തമിഴനാട് തെരഞ്ഞെടുപ്പിന് മുന്‍പേ നടത്തിയ വെറും ചീപ്പ് gimmick എന്നാണ് ഇതേകുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. കാമരാജിന് ഇന്ദിരാ ഗാന്ധി മരണാനന്തരം ഭാരത് രത്‌ന നല്‍കിയതും 1977-ലെ തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്‍നിര്‍ത്തി തന്നെയാണെന്നും ഉല്ലേഖ് തുറന്നടിച്ചിട്ടുണ്ട്. ഇത്തരം പച്ചയായ രാഷ്ട്രീയ അവാര്‍ഡുകളെ തള്ളിപ്പറഞ്ഞാണ് 1977- ല്‍ അധികാരത്തില്‍ വന്ന ജനതാ ഗവണ്മെന്റ് ഭാരത് രത്‌നയെ ഗൗനിക്കാതിരുന്നതെന്നും ഇതൊന്നും ആരും മറന്നു പോകരുതെന്നും അദ്ദേഹം സംഘപരിവാര്‍ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. പട്ടേലിനും സുഭാഷ് ബോസിനും ഇതേ അവാര്‍ഡ് നല്‍കാന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നരസിംഹറാവു വരേണ്ടി വന്നു എന്നതിലും ഉലേഖ് കാണുന്നത് രാഷ്ട്രീയമാണ്. ഇന്ദിരാഗാന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ജയപ്രകാശ് നാരായണന് ഭാരത് രത്‌ന വാജ്‌പെയ് സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ പോലും രാഷ്ട്രീയ താല്‍പ്പര്യം തന്നെയാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ലോബി ചെയ്ത സംഗീതജ്ഞന്‍ രവിശങ്കറിനും ബിജെപി ഭാരത് രത്‌ന കൊടുത്തെന്നും മോദി വന്ന ശേഷം മാത്രമാണ് വാജ്‌പേയ്ക്കു ഭാരത് രത്‌ന കിട്ടിയതെന്നും ചൂണ്ടിക്കാട്ടിയ ഉല്ലേഖ് 2008 -ല്‍ തന്നെ അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കാന്‍ കടുത്ത lobbying നടന്നിരുന്നതായും തുറന്നടിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പിന്നീട് കൊടുത്തതും മുന്‍പ് കൊടുക്കാതിരുന്നതും രാഷ്ട്രീയമല്ലേ, അതല്ലെങ്കില്‍ രാഷ്ട്രീയാധിഷ്ഠിതമല്ലേ എന്നതാണ് ചോദ്യം. ആര്‍ എസ് എസ് നേതാവും വാജ്‌പേയ് വിരുദ്ധനും ആയിരുന്ന നാനാജി ദേശ്മുഖിനു ഭാരത് രത്‌ന കൊടുത്തതിലും രാഷ്ട്രീയം തന്നെയാണ് എഴുത്തുകാരന്‍ കണ്ടിരിക്കുന്നത്. ഗുജറാത്ത് കലാപത്തിനു ശേഷം മോദിയെ ഗുജറാത്തു മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്നു പുറത്താക്കണം എന്ന് പറഞ്ഞയാളാണ് വാജ്പയ് എന്നതും പോസ്റ്റില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ മണ്മറഞ്ഞ നേതാക്കള്‍ക്കും അതുപോലെ ബഹുമതികള്‍ക്കു അര്‍ഹത ഉണ്ടായിട്ടും കിട്ടാത്തവര്‍ക്കും അതൊക്കെ നല്‍കുന്നത് സ്വാഭാവികം മാത്രമാണ്. ജ്യോതിബസുവിനു ഭാരത് രത്‌ന നല്‍കണം എന്ന suggestion 2008ല്‍ ഉയര്‍ന്നുവന്നതും ആ context -ല്‍ തന്നെയാണ് കാണേണ്ടത്.

അതുപോലെ പാര്‍ലമെന്റില്‍ പ്രഥമ പ്രതിപക്ഷ നേതാവിന്റെ കര്‍ത്തവ്യം നിര്‍വഹിച്ച അനശ്വര മാര്‍ക്‌സിസ്റ്റ് നേതാവും സ്വാതന്ത്രസമരപോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ AKG യുടെ പ്രതിമ പാര്‍ലിമെന്റില്‍ ഇടം പിടിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തതിന് പിന്നിലും അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നു പ്രശ്‌നമായിരുന്നതെന്നാണ് ഉലേഖ് വാദിക്കുന്നത്. മാര്‍ക്‌സിസ്റ്റ്കാരനായ സോമനാഥ് ചാറ്റര്‍ജീ വരേണ്ടി വന്നു എ.കെ.ജിക്കായി ഒരു പ്രതിമ ഉയരാന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതേസമയം, ബ്രിട്ടീഷ്‌കാരന് മാപ്പെഴുതിക്കൊടുത്തു എന്നത് അംഗീകാരമായി കണ്ടവരുടെ പ്രതിമ 2003-ല്‍ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തതിനെയും രൂക്ഷമായാണ് ഉല്ലേഖ് വിമര്‍ശിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ നാറിയ രാഷ്ട്രീയമുണ്ടോ ഈ രാജ്യത്ത് എന്നതാണ് സംഘ മിത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ മറ്റൊരു ചോദ്യം. ബോളിവുഡില്‍ നടനകലയുടെ എബിസി അറിയാത്ത എത്രയോ വങ്കന്മാര്‍ക്ക് വെറും സംഘി അനുകൂലികള്‍ എന്നത് കൊണ്ടുമാത്രം എത്രയോ ബഹുമതികള്‍ കിട്ടിയ കാര്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രിയങ്കരനായ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണെന്നും അത് തുറന്നുകാട്ടപ്പെടുമ്പോള്‍ വിളറിപൂണ്ടിട്ട് ഒരു കാര്യവുമില്ലന്നതുമാണ് ഉല്ലേഖിന്റെ വാദം. സത്യത്തെ തടയാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടാണ് ബ്രിട്ടാസ് out look – ല്‍ എഴുതിയ ലേഖനത്തിനെതിരെ പരിവാറുകാര്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്‍പതു വര്‍ഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന ഒരു സാന്നിധ്യത്തെ അംഗീകരിക്കാന്‍ മടികാട്ടുമ്പോള്‍ അവിടെ കുറവ് അനുഭവപ്പെടുന്നത് അവാര്‍ഡിനാണെന്നതാണ് എഴുത്തുകാരന്‍ ഓര്‍മ്മിപ്പിക്കുന്നത്. അംബേദ്കര്‍ ആയി അഭിനയിച്ചു തിളങ്ങിയ ഒരു നടന്‍ ഇത്തരം ബഹിഷ്‌ക്കരണം അര്‍ഹിക്കുന്നില്ലന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ഉലേഖ് തന്റെ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.

ഈ പോസ്റ്റിലെ പല കാര്യങ്ങളും ആഴത്തില്‍ വിലയിരുത്തേണ്ടത് തന്നെയാണ്. കാരണം മമ്മുട്ടി എന്ന മഹാനടന് പത്മഭൂഷണ്‍ നല്‍കാതിരിക്കുന്നതിന് യുക്തമായ ഒരു മറുപടി ആര്‍ക്കും തന്നെ ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ല. പത്മശ്രീ മമ്മുട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ചാണ് ലഭിച്ചിരുന്നത്. പത്മഭൂഷണ്‍ ആകട്ടെ ലാലിന് മാത്രമായാണ് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ പിന്തുടരുന്ന കാവി രാഷ്ട്രീയത്തിന്റെ പിന്‍ബലമല്ല മമ്മുട്ടിക്കുള്ളത്. മമ്മുട്ടി വിശ്വസിക്കുന്ന പ്രത്യേയശാസ്ത്രത്തിന്റെ നിറം ചുവപ്പാണ്. ആ ചുവപ്പാകട്ടെ കാവിയുടെ പ്രധാന ശത്രുവുമാണ്. അതു തന്നെയാണ് ഈ പുരസ്‌ക്കാരം ലഭിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമെന്ന് വിശ്വസിക്കുന്ന ഉല്ലേഖിനെ പോലെയുള്ള അനവധി പേര്‍ ഈ നാട്ടിലുണ്ട്. അവരുടെ മനസ്സില്‍ ഏത് പുരസ്‌ക്കാരങ്ങളേക്കാളും എത്രയോ വലിയ സ്ഥാനമാണ് ഈ മഹാനടനുള്ളത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് ഏറ്റവും വലിയ പുരസ്‌കാരവും.

 

Top