ബാലക്കോട്ട് ആക്രമണം: ജയ്‌ഷെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ ദ്വാരങ്ങള്‍; ഉപഗ്രഹ ചിത്രം പുറത്ത്

ന്യൂഡല്‍ഹി: ബാലക്കോട്ടിലെ ജയ്ഷ് ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ലക്ഷ്യം കണ്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആക്രമണത്തില്‍ ജയ്‌ഷെ ക്യാമ്പുകള്‍ക്ക് സംഭവിച്ച കേടുപാടുകളുടെ കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രം ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജയ്‌ഷെ ക്യാമ്പിലെ ചരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് മൂന്നിടത്ത് തുള വീണിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള ദ്വാരങ്ങളാണു മേല്‍ക്കൂരയിലുള്ളത്. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച സ്പൈസ് ബോംബുകള്‍ കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളില്‍ തുളച്ചുകയറി ഭീകരരെ വകവരുത്തുകയായിരുന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഈ ചിത്രങ്ങള്‍.

ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ വ്യാജമാണെന്ന് പാക്കിസ്ഥാന്‍ വാദിക്കുമ്പോഴാണ് ഇത്രയും ശക്തമായ ഉപഗ്രഹ തെളിവുകള്‍ കൈവന്നിരിക്കുന്നത്. ജയ്‌ഷെ മേധാവി മസൂദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റൗഫും മുതിര്‍ന്ന നേതാക്കളും ബാലക്കോട്ട് ക്യാംമ്പ് സന്ദര്‍ശിക്കുമ്പോള്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണു ഹോസ്റ്റല്‍ കെട്ടിടം ഉള്ളത്. ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവുമാണ് കെട്ടിടത്തിനുള്ളത്. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ട ചിത്രത്തിലും വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

സാധാരണ ബോംബുകളെ അപേക്ഷിച്ച് സ്പൈസിനെ കൃത്യതയോടെ നിയന്ത്രിക്കാന്‍ കഴിയും. ഇസ്രയേല്‍ നിര്‍മ്മിത ക്രൂസ് മിസൈലായ ക്രിസ്റ്റല്‍ മേസും വ്യോമസേന മിറാഷ് -2000 ല്‍ സമന്വയിപ്പിച്ചിട്ടുണ്ട്. ഇസ്രയേലില്‍ നിന്നാണ് വ്യോമസേന ഈ ബോംബുകള്‍ വാങ്ങിയത് എന്നതാണ് ശ്രദ്ധേയം. സ്പൈസ് ഇന്ത്യയുടെ കയ്യിലുള്ള ആണവേതര ബോംബുകളില്‍ ഏറ്റവും വമ്പനാണിത്.

ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിക്കുന്ന ഈ ബോംബ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹകള്‍, തുരങ്കങ്ങള്‍ എന്നിവ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ രേഖ കടന്ന് അധികം ഉള്ളിലേക്ക് പോകാതെ തന്നെ പരമാവധി പ്രഹരശേഷി കൈവരിക്കാന്‍ കഴിയും എന്നതാണ് സ്പൈസിനെ ഉപയോഗിക്കാന്‍ വ്യോമസേനയെ പ്രേരിപ്പിച്ചത്. ജയ്‌ഷെ ഹോസ്റ്റലിനുനേരെ മാത്രം മൂന്നു ബോംബുകള്‍ വര്‍ഷിച്ചുവെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു ബോംബുകളാണ് ഇന്ത്യന്‍ സേന കരുതിയിരുന്നത്. ഇതില്‍ ഉപയോഗിച്ച അഞ്ചെണ്ണവും കൃത്യമായി ലക്ഷ്യം കണ്ടു.

Top