പ്രിയ വർഗീസിനേക്കാൾ എന്ത് യോഗ്യത ? സ്ക്കറിയക്ക് തിരിച്ചടിയായി ‘ആ’ രേഖയും . . .

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച്, നിലവിൽ പ്രചരിക്കുന്ന വാദങ്ങളെ പൊളിച്ചടുക്കുന്ന വിവരാവകാശ രേഖ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ മടിക്കുന്ന ഈ വിവരാവകാശ രേഖ മുൻ നിർത്തി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണിപ്പോൾ നടക്കുന്നത്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിനേക്കാള്‍ യോഗ്യത, ജോസഫ് സ്‌ക്കറിയ എന്നയാള്‍ക്കുണ്ടെന്നായിരുന്നുവെന്നും, യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍, പ്രിയയേക്കാള്‍ മികച്ച റെക്കോഡാണ് ജോസഫ് സ്‌ക്കറിയക്കുള്ളതെന്നും ആയിരുന്നു മാധ്യമങ്ങൾ വാർത്തകൾ പടച്ചു വിട്ടിരുന്നത്. ഈ നിലപാടാണിപ്പോൾ വിവരാവകാശ രേഖ പുറത്തു വന്നതോടെ പൊളിഞ്ഞിരിക്കുന്നത്.

പുറത്തു വന്ന രേഖ പ്രകാരം, കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന യുജിസി നെറ്റ് അതായത് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ഇല്ലാത്ത ആളാണ് ജോസഫ് സ്ക്കറിയ എന്നാണ് വ്യക്തമാകുന്നത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി കോളേജ് അധ്യാപനത്തിലേക്കെത്താന്‍ താല്‍പര്യമുള്ളവര്‍ പ്രഥമ പരിഗണന നല്‍കുന്ന യോഗ്യത പരീക്ഷയാണ് നെറ്റ്.

കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്ത ഒരേ ഒരാള്‍ ജോസഫ് സ്ക്കറിയ യാണ്. 1991ലാണ് കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റ് ഏര്‍പ്പെടുത്തുന്നത്. ജോസഫ് സ്ക്കറിയ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത് 1992ലാണ്. സ്വഭാവികമായും രാജ്യത്ത് പൊതുവില്‍ നടക്കുന്ന യോഗ്യത പരീക്ഷ എന്തുകൊണ്ട് അദ്ദേഹത്തിന് അപ്രാപ്യമായി എന്നൊരു ചോദ്യമാണ് സമൂഹമാധ്യമങ്ങളിലും ഇപ്പോൾ ഉയരുന്നത്.

അക്കാദമിക രംഗത്തെ മറ്റ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ജോസഫ് സ്ക്കറിയയ്ക്ക് ബിരുദത്തിന് 52 ശതമാനം മാര്‍ക്കാണുള്ളത്. എന്നാല്‍, ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരില്‍ ബിരുദത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് പ്രിയ വര്‍ഗീസാണ് എന്നതും വ്യക്തമാണ്. 70 ശതമാനം മാര്‍ക്കാണ് പ്രിയ വര്‍ഗീസിനുള്ളത്. മുഴുവന്‍ അപേക്ഷരുടെയും ബിരുദ മാര്‍ക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറവ് മാര്‍ക്കുള്ളതും ഇതേ ജോസഫ് സ്ക്കറിയക്കാണ്. ബിരുദാനന്തര ബിരുദത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളത്. അതിലൊരാള്‍ പ്രിയ വര്‍ഗീസും മറ്റൊരാള്‍ ഗണേഷ് സിയുമാണ്.

ഇന്റര്‍വ്യുവിലേക്ക് പരിഗണിക്കുന്നതിന് ഏറ്റവും കുറഞ്ഞ മാര്‍ക്ക് അതായത് കട്ട് ഓഫായി പരിഗണിക്കുന്നത് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കാണ്. ജോസഫ് സ്ക്കറിയയിക്ക് ബിരുദാനന്തര ബിരുദത്തിലുള്ളത് 55 ശതമാനം മാര്‍ക്കാണ്.ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകിരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം ഇവ സംബന്ധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന്‍ കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും, വിവരാവകാശ രേഖയില്‍ വ്യക്തമായി പറയുന്നുണ്ട്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയിൽ രണ്ടാമതെത്തിയ വ്യക്തിക്ക്‌, റിസേർച്ച്/അക്കാദമിക് സ്ക്കോർ 651 ഉണ്ടെന്നതാണ് മാധ്യമങ്ങൾ ഉയർത്തുന്ന മറ്റൊരു പ്രശ്നം. ഈ റിസേർച്ച് സ്കോർ യൂണിവേഴ്സിറ്റി വെരിഫൈ ചെയ്ത സ്ക്കോറല്ലന്നത് വാർത്ത നൽകുന്നതിനു മുൻപേ തിരിച്ചറിയണമായിരുന്നു. ഇതെല്ലാം ഉദ്യോഗാർത്ഥികൾ ക്ലെയിം ചെയ്ത സ്കോർ മാത്രമാണ് എന്നതാണ് വസ്തുത.

പിയർ റിവ്യൂഡ്/യുജിസി കെയർ ലിസ്റ്റഡ് അല്ലാത്ത പബ്ലിക്കേഷനുകൾ പോലും പല ഉദ്യോഗാർത്ഥികളും ഇത്തരത്തിൽ റിസേർച്ച് സ്കോർ ക്ലെയിം ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ, പബ്ലിക്കേഷനുകളുടെ ഫിസിക്കൽ വെരിഫിക്കേഷൻ നടക്കാഞ്ഞതിനാൽ ഇത്തരത്തിൽ ഈ സ്കോറുകളുടെ വിലയിരുത്തൽ നടന്നിരുന്നുമില്ല. എല്ലാവരും തങ്ങളുടെ റിസേർച് സ്കോറായി അവകാശപ്പെടുന്ന സ്കോർ മാത്രമാണ് വിവരവകാശ രേഖ പ്രകാരം ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അത് നടന്നാൽ, പലരുടെയും സ്കോർ പുറകോട്ടുപോകുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

റിസേർച്ച് സ്കോർ 156 മാത്രമുള്ള വ്യക്തി എങ്ങനെയാണ് നിയമനത്തിന് അർഹയാവുക എന്ന ചോദ്യം ഉന്നയിക്കുന്നവർക്ക് ഇന്റർവ്യൂയിലെ പ്രകടനം മാത്രമാണ് അന്തിമ സെലക്ഷന് മാനദണ്ഡമെന്ന് അറിയാഞ്ഞിട്ടല്ല, അവരുടെ രാഷ്ട്രീയ ‘താൽപ്പര്യങ്ങൾ’ അവരെ കൊണ്ട് ഇതെല്ലാം ചോദിപ്പിക്കുന്നതാണ്. പൊതു സമൂഹത്തിൽ തെറ്റിധാരണ പടർത്താനുള്ള ആസൂത്രിത ശ്രമവും ഇതിനു പിന്നിലുണ്ടെന്നതും വ്യക്തം.

മിനിമം 75 മാർക്കാണ് ഇന്റർവ്യൂവിന് ക്ഷണിക്കപ്പെടാനുള്ള കട്ട് ഓഫ്. റിസേർച്ച് സ്ക്കോർ 75 ആയാലും 750 ആയാലും അതിന് ഇന്റർവ്യൂവിൽ പ്രത്യേക വെയിറ്റേജ് ഒന്നുമില്ലന്നതും നാം ഓർക്കണം.

ഉദ്യോഗാർത്ഥികളുടെ ഗവേഷണ മികവിന് ഇന്റർവ്യൂ പാനൽ മാർക്കിട്ടതിൽ പ്രിയാ വർഗ്ഗീസിന് 6 ഉം രണ്ടാമത്തെത്തിയ വ്യക്തിക്ക്‌ 7 ഉം കിട്ടിയെന്നതാണ് മറ്റൊരു പ്രശ്നമായി ഉയർത്തിയിരിക്കുന്നത്. അക്കാദമിക്ക് സ്കോർ 651 ഉള്ള വ്യക്തിക്ക്‌ 7 ഉം 156 ഉള്ള വ്യക്തിക്ക്‌ 6 ഉം എങ്ങനെ നീതീകരിക്കാനാവുമെന്നാണ് ചോദ്യം. യുജിസി ചട്ടങ്ങളെ കുറിച്ചുള്ള അജ്ഞതയല്ല, മറിച്ച് അറിഞ്ഞിട്ടും അറിയാതെ നടിക്കുന്ന കുബുദ്ധിയാണ് ഈ ചോദ്യത്തിനും പിന്നിലുള്ളത്. ഗവേഷണ മികവ് എന്നതിന്, എഴുതിയ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണമല്ല മാനദണ്ഡമാക്കുക. ഇന്റർവ്യൂ പാനലിലെ വിദഗ്ദ്ധർ, ഗവേഷണ മേഖയെക്കുറിച്ചും വിഷയത്തിൽ ഉദ്യോഗാർത്ഥിയുടെ അവഗാഹത്തെക്കുറിച്ചും, ഗവേഷണത്തിലെ മൗലികതയെക്കുറിച്ചും, നിലവിലെ വൈജ്ഞാനികോൽപ്പാദനത്തിന് ഗവേഷണം ഏതൊക്കെ രീതിയിൽ സംഭാവന നൽകുന്നു എന്നു തുടങ്ങി… ഗവേഷണത്തിന്റെ വിവിധവശങ്ങളെക്കുറിച്ച്, ഉദ്യോഗാർത്ഥിക്കുള്ള അറിവ് പരിശോധന നടത്തുന്ന ഘട്ടമാണ് ഇന്റർവ്യൂ.

ഉദ്യോഗാർത്ഥിയുടെ ഗവേഷണ വിഷയത്തെ സംബന്ധിച്ച ആഴത്തിലുള്ള അറിവുകളും, അവരുടെ രീതിശാസ്ത്ര പരമായ ധാരണകളും സംവാദപരമായ കഴിവുകളുമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ഗവേഷകൻ എന്ന നിലയിലുള്ള ഉദ്യോഗാർത്ഥിയുടെ വിമർശനാത്മകമായ ചിന്തയും, അനലറ്റിക്കൽ ശേഷിയും ഗവേഷണവിഷയത്തിലെ വിവിധ പരിപ്രേക്ഷ്യങ്ങളെപ്പറ്റിയുള്ള അവഗാഹവുമൊക്കെയാണ്, ഇന്റർവ്യൂ പാനലിന്റെ പരിഗണനാവിഷയമായി വരിക. കേവലം പബ്ലിക്കേഷനുകളല്ല ഗവേഷകന്റെ മികവ് നിശ്ചയിക്കുക എന്നതും വ്യക്തം. സ്ക്കോളേർലി എബിലിറ്റിയും അദ്ധ്യാപകൻ എന്ന നിലയിലുള്ള ടീച്ചിങ് എബിലിറ്റിയുമൊക്കെ, ഇന്റർവ്യൂ ബോർഡ് പരിശോധിക്കും. അതായത്, അക്കാദമിക്ക് പബ്ലിക്കേഷനുകളുടെ എണ്ണത്തിലല്ല കാര്യം, അവയുടെ ഗുണനിലവാരത്തിലും ഗവേഷകന്റെ മെത്തഡോളജിക്കൽ ധാരണകളുൾപ്പെടെയുള്ള അറിവിലും അത് പ്രകടിപ്പിക്കാനുള്ള കഴിവിലുമാണ് കാര്യമുള്ളത്.

മാത്രവുമല്ല, വിഷയ വിദഗ്ദ്ധരും മറ്റുമടങ്ങിയ ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് അന്തിമ സെലക്ഷൻ നടക്കുന്നത്. ഇതൊക്കെ സർവ്വകലാശാലകളിലെ നിയമനങ്ങളെ വീക്ഷിക്കുന്ന ഏതൊരാൾക്കും അറിയാവുന്ന കാര്യവുമാണ്. റിസേർച്ച് സ്കോറിന്റെ കാര്യം പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നവരുടെ ഉദ്ദേശ്യം, വേറെയാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

മാധ്യമങ്ങളും പ്രതിപക്ഷവും ആർക്കു വേണ്ടിയാണോ വാദിക്കുന്നത്… ആ വ്യക്തിക്ക്, കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊഫസർ തസ്തികയിൽ ഇന്റർവ്യൂവിന് ക്വാളിഫൈ ചെയ്യാൻ കഴിയാതരുന്നത്, മിനിമം യോഗ്യതയായ 10 പബ്ലിക്കേഷൻ ഇല്ലാത്തതിനാലാൽ ആയിരുന്നു. 150 പബ്ലിക്കേഷൻ ഉണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന ജോസഫ് സ്‌ക്കറിയ, വെറും 10 പബ്ലിക്കേഷൻ പോലും ഇല്ലാത്ത വ്യക്തിയാണെന്ന് ഇക്കാര്യം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. പിയർ റിവ്യൂഡ് / യുജിസി അംഗീകൃതമായ 9 പബ്ലിക്കേഷൻ മാത്രമേ ഇയാൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി അപേക്ഷക്കൊപ്പം സമർപ്പിച്ചിട്ടുള്ളൂ. അതായത്, ഇയാൾ പറയുന്നതുപോലെ 150 പബ്ലിക്കേഷൻ ഇയാൾക്കില്ല. ഉള്ളത് 9 എണ്ണം മാത്രം. അതിലും ഉണ്ട് എത്തിക്കൽ പ്രശ്നം. ജോസഫ് സ്ക്കറിയ ഇഷ്യു എഡിറ്റർ ആയ താപസം എന്ന ജേണലിൽ തന്നെയാണ് ഇദ്ദേഹം 3 ആർട്ടിക്കിളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ അക്കാദമിക റെക്കോഡുകളില്‍ എല്ലാം പിന്നില്‍ നില്‍ക്കുന്ന, അധ്യാപനത്തിന്റെ അടിസ്ഥാന യോഗ്യത പോലും നേടാത്ത വ്യക്തിയെയാണ്, എല്ലാം തികഞ്ഞയാളായി മാധ്യമങ്ങളും പ്രതിപക്ഷവും നിലവിൽ അവതരിപ്പിക്കുന്നത്.

വസ്തുതകളെയാണ് ഇവിടെ അവര്‍ കണ്ടില്ലന്ന് നടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന ഒറ്റ കാരണത്താലാണ് പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം വിവാദമാക്കപ്പെട്ടിരിക്കുന്നത്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ട മാധ്യമ പ്രവര്‍ത്തകരും, ജോസഫ് സ്‌ക്കറിയയുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങളെ, ഏകപക്ഷീയമായാണ് ഏറ്റുപിടിച്ചിരിക്കുന്നത്. ഗവര്‍ണ്ണറുടെ നിലപാടിനു പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യം പോലും ചര്‍ച്ച ചെയ്യാതെ, ഗവര്‍ണ്ണര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന മട്ടിലാണ് ഇക്കൂട്ടര്‍ പ്രചരണം നടത്തുന്നത്. ദൗര്‍ഭാഗ്യകരമായ നിലപാടാണിത്. അക്കാദമിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതും, അതു തന്നെയാണ്.

 

Top