സ്ഥാപനങ്ങള്‍ക്ക് ബ്ലൂടിക്ക് വേഗം കിട്ടും; വഴിയൊരുക്കി ട്വിറ്റര്‍

ന്യൂയോര്‍ക്ക്: വൈരിഫൈഡ് ഓർഗനൈസേഷൻസ് സെറ്റിങ്സുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വയമേവ അവരുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകും. കൂടാതെ എല്ലാത്തരം വാണിജ്യ – സർക്കാര്‍ സ്ഥാപനങ്ങൾക്കും ലാഭേതര സംഘടനകൾക്കും ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സംവിധാനത്തിന്റെ ഭാഗമാകാനും കഴിയും.

ആദ്യം സ്ഥാപനം വെരിഫൈഡ് ഓർഗനൈസേഷനിൽ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. ഇക്കൂട്ടർക്ക് വാണിജ്യ/ ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ ഗോൾഡൻ നിറത്തിലുള്ള വെരിഫിക്കേഷൻ ചെക്ക്മാർക്കും ചതുരത്തിലുള്ള അവതാറും ലഭിക്കും. സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നത് സർക്കാർ സ്ഥാപനങ്ങളാണെങ്കിൽ അവർക്ക് ചാര നിറത്തിലുള്ള ചെക്ക് മാർക്കും വൃത്താകൃതിയിലുള്ള അവതാറും ആയിരിക്കും ലഭിക്കുന്നത്. ഇതിനു പുറമെ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് മറ്റ് വ്യക്തികളുടെയോ , സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾക്ക് അംഗീകാരം നൽകാവുന്നതാണ്. ഇത്തരം അക്കൗണ്ടുകൾക്ക് പ്രത്യേകതകൾ അനുസരിച്ച് നീല, സ്വർണം, ചാര നിറങ്ങളിലുള്ള ചെക്ക്മാർക്കാണ് ലഭിക്കുക. അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിന്റെ പ്രൊഫൈൽ പിക്ചറ്‍ അഫിലിയേറ്റഡ് ബാഡ്ജായും കാണാനാകും. ഇതില്‌ ക്ലിക്ക് ചെയ്താൽ ഡയറക്ട് സ്ഥാപനത്തിന്റെ അക്കൗണ്ട് വിസിറ്റ് ചെയ്യാം.

82,300 രൂപയാണ് ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നതിനായി മാസാമാസം ചെലവഴിക്കേണ്ടത്. 4120 രൂപ പ്രതിമാസ നിരക്കായി അധികം നൽകിയാണ് മറ്റ് അക്കൗണ്ടുകൾ അഫിലിയേറ്റ് ചെയ്യേണ്ടത്. ഓരോ അക്കൗണ്ടും പ്രത്യേകം വെരിഫൈ ചെയ്യേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. ചുരുക്കി പറഞ്ഞാല്‍ ഏതെങ്കിലും സ്ഥാപനത്തിന് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചാൽ അവരുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളുടെ വെരിഫിക്കേഷനും അഫിലിയേഷനും ആ സ്ഥാപനത്തിന് തന്നെ കൈകാര്യം ചെയ്യാവുന്നതാണ്.

നിലവിൽ സൗജന്യമായി വെരിഫിക്കേഷൻ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷൻ ചെക്ക്മാർക്ക് ട്വിറ്റർ നീക്കം ചെയ്ത് തുടങ്ങി. ഇനി മുതൽ വെരിഫിക്കേഷൻ മാർക്ക് ലഭിക്കാൻ സബ്സ്ക്രിപ്ഷനുകളുടെ ഭാഗമാകണമെന്ന് സാരം.

Top