സ്വപ്ന സുരേഷും ഇ.ഡിയും തമ്മിലുള്ള ‘ഇടപാട്’ എന്താണ് ? നടന്നതും നടക്കാനിരിക്കുനതും അവൾ അറിയുന്നതിനു പിന്നിൽ…

തെ…. ഇപ്പോൾ എല്ലാം സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതും സ്വപ്ന സുരേഷിന്റെ പ്രവചനം പോലെ തന്നെ ആയിരിക്കും.മാധ്യമ പ്രവർത്തകനായ സോയി മോൻ തന്റെ യൂട്യൂബ് ചാനലിൽ ഒരു അഭിമുഖത്തിനിടെ നടത്തിയ ഈ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. ഇ.ഡി.യുടെ ഡയറക്ടറാണോ സ്വപ്ന സുരേഷ് എന്നാണ് അന്വേഷണ സംഘത്തോട് ചോദിക്കാനുള്ളത്. സ്വപ്നയോട് സംസാരിച്ച മാധ്യമ പ്രവർത്തകൻ പറയുന്ന പ്രകാരം ഇ.ഡി യുടെ എല്ലാ നടപടികളും സ്വപ്ന സുരേഷ് അറിഞ്ഞാണ് നടന്നതെങ്കിൽ അതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു.

കേന്ദ്ര ഏജൻസികളെ മുൻ നിർത്തി സ്വപ്ന സുരേഷ് കളിച്ചാലും, സ്വപ്ന സുരേഷിനെ മുൻ നിർത്തി ഇ.ഡി പ്രവർത്തിച്ചാലും പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കപ്പെടുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് പച്ച പിടിക്കണമെങ്കിൽ ചെങ്കൊടിയുടെ അസ്തമയം അനിവാര്യമാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് സംഘപരിവാർ പ്രവർത്തകരും മുന്നോട്ട് പോകുന്നത്. ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച് പാകപ്പെടുത്തിയ കേരളത്തിന്റെ മണ്ണിൽ കാവി രാഷ്ട്രീയത്തിന് വേരു പിടിക്കാത്തത് സി.പി.എമ്മിന്റെയും അതിന്റെ ബഹുജന പ്രസ്ഥാനങ്ങളുടെയും കരുത്തുകൊണ്ടാണ്.

ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച ഏക സീറ്റിൽ പോലും അട്ടിമറി വിജയം നേടി ബി.ജെ.പിയുടെ പതനം പൂർത്തിയാക്കിയതും സി.പി.എം തന്നെയാണ്. ഇതാണ് രാഷ്ട്രീയ കേരളത്തിന്റെ നിലവിലെ അവസ്ഥ. ഈ പരിമിതികൾ മറികടക്കാൻ സി പി.എമ്മിനെ ഏതു വിധേയനേയും തകർക്കുക എന്നത് സംഘപരിവാറിന്റെ മൊത്തത്തിലുള്ള അജണ്ടയാണ്. അതിനു വേണ്ടിയുള്ള നീക്കൾക്ക് കരുത്ത് പകരാനാണ് സ്വപ്നയെയും പരിവാർ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നത്.

സ്വർണ്ണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുൻപ് പറഞ്ഞ കാര്യങ്ങൾ എല്ലാം വിഴുങ്ങി സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്ന മൊഴികളാണ് ഇ.ഡിക്ക് നൽകിയിരിക്കുന്നത്. പോലീസ് സുരക്ഷക്ക് പകരം ഇഡി സംരക്ഷണം നൽകണമെന്ന് മുൻപ് കോടതിയിൽ ആവശ്യപ്പെട്ട സ്വപ്നയ്ക്ക് ഇ.ഡിയോടുള്ള ബന്ധം എത്രമാത്രമാണെന്നത് നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. മുഖ്യമന്ത്രി ഉൾപ്പെട്ടെ സർക്കാർ സംവിധാനത്തിന്റെ പ്രധാനികൾക്കെതിരെയെല്ലാം മൊഴികൾ നൽകി അവരെ നിയമ നടപടിയിൽ കുരുക്കുക എന്നതിലുപരി മാധ്യമങ്ങളിലൂടെ വിചാരണ നടത്തി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യത കളയുക എന്നതാണ് ലക്ഷ്യം. മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉൾപ്പെടെ ചോദ്യം ചെയ്ത് പൂട്ടിക്കളയും എന്ന ഉറപ്പ് ലഭിച്ച രൂപത്തിലാണ് സ്വപ്ന സുരേഷ് നിലവിൽ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് മാർച്ച് 30ന് മുൻപ് കേരളത്തിൽ ഏറ്റവും നടുങ്ങുന്ന ഒരു സംഭവമുണ്ടാകുമെന്ന് അവർ മാധ്യമ പ്രവർത്തകനോട് പറഞ്ഞിരിക്കുന്നത്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജൻസി കുരുക്കിയത് കണ്ടിട്ടാണ് സ്വപ്നയുടെ ഈ ആത്മവിശ്വാസമെങ്കിൽ ആ പരിപ്പ് എന്തായാലും ഈ മണ്ണിൽ വേവാൻ സാധ്യതയില്ല. നിരന്തരം വാക്കുകൾ മാറ്റിപ്പറയുന്ന ഒരു സ്വർണ്ണക്കടത്തു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും സാഹസത്തിന് ഇ.ഡി.യല്ല മറ്റേത് കേന്ദ്ര ഏജൻസികൾ തുനിഞ്ഞാലും അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ എന്തു നടപടിയും ഏത് ഏജൻസിക്കും സ്വീകരിക്കാം എന്നാൽ തെളിവില്ലാതെ സ്വപ്നയുടെ സ്വപ്ന ലോകത്തെ ‘തിരക്കഥ’യുടെ അടിസ്ഥാനത്തിൽ നടപടിയുമായി വന്നാൽ അത് വകവച്ചു കൊടുക്കാൻ രാഷ്ട്രീയ കേരളത്തിനു ഒരിക്കലും കഴിയുകയില്ല. മനീഷ് സിസോദിയയല്ല പിണറായി വിജയൻ എന്നതും ആം ആദ്മി പാർട്ടിയുടെ രീതിയല്ല സി.പി.എമ്മിന്റെ രീതിയെന്നതും ഓർക്കുന്നത് നല്ലതാണ്.

കേന്ദ്ര സർക്കാറിനു കീഴിലെ പൊലീസ് നിയന്ത്രിക്കുന്ന ഡൽഹിയല്ല കേരളം. അതു കൊണ്ടു തന്നെ ഇവിടെ കാവി അജണ്ട ആര് നടപ്പാക്കാൻ വന്നാലും ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതു പോലെ തന്നെ കേരളം ഒഴികെ മറ്റെല്ലായിടത്തും കേന്ദ്ര ഏജൻസികൾക്കെതിരെ പോർമുഖം തുറക്കുന്ന കോൺഗ്രസ്സ് കേരളത്തിൽ കേന്ദ്ര ഏജൻസികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതിനും വലിയ വില നൽകേണ്ടിവരും. കേന്ദ്ര സർക്കാറുമായുള്ള ഏതു തരം ഏറ്റുമുട്ടലും കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജനപിന്തുണയാണ് വർദ്ധിപ്പിക്കുക. മുൻകാല ചരിത്രവും അതു തന്നെയാണ്. അത്തരമൊരു ഘട്ടത്തിൽ മുസ്ലീംലീഗിന് പോലും യു.ഡി.എഫിൽ തുടരാൻ പറ്റാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാകുക.

സ്വപ്നയുടെ പഴയ മൊഴിയും പുതിയ മൊഴികളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. അതു കൊണ്ടു തന്നെയാണ് ഇതിനു പിന്നിൽ സി.പി.എം നേതാക്കൾ ഗൂഢാലോചന ആരോപിച്ചിരിക്കുന്നത്. ബിരിയാണിപ്പാത്രവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേതും ഉള്‍പ്പെടെയുള്ള പേരുകളുമാണ് സ്വപ്നയുടെ ആരോപണത്തിലെ പുതിയ കാര്യങ്ങള്‍. യു.എ.ഇ.യിലേക്കു കടത്തിയെന്നു സ്വപ്ന ആരോപിക്കുന്ന നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെ ബാക്കിയെല്ലാം പഴങ്കഥകളാണ്. ഇതുവരെ ചിത്രത്തിലില്ലായിരുന്ന മുന്‍ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പേരും ഇത്തവണ കടന്നുവന്നു. പക്ഷേ, ഇവര്‍ക്കൊക്കെ എന്തായിരുന്നു പങ്ക് എന്നുമാത്രം സ്വപ്ന തന്ത്രപൂര്‍വം പറഞ്ഞിട്ടില്ല.

“മുഖ്യമന്ത്രിയെ അറിയാം'” എന്നുമാത്രം വെളിപ്പെടുത്തിയിരുന്ന സ്വപ്ന ആദ്യമായാണ് ‘പങ്ക്’ എന്ന വാക്ക് പോലും ഉപയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, കെ.ടി. ജലീല്‍ തുടങ്ങിയവരുടെ പേരുകളും ഇതോടൊപ്പം മൊഴിഞ്ഞിട്ടുണ്ട്. അപ്പോഴും പക്ഷേ ഇവര്‍ക്കൊക്കെ എന്താണ് പങ്കെന്നത് വെളിപ്പെടുത്തിയിട്ടുമില്ല. മുൻപ് എൻ.ഐ.എയും കസ്റ്റംസും കേന്ദ്ര ഐ.ബിയും അരിച്ചു പെറുക്കി അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാത്ത കേസാണിതെന്നതും നാം തിരിച്ചറിയണം. ജയിലിൽ നിന്നും പുറത്തിറങ്ങിയ സ്വപ്നയുടെ സഹവാസം ആരോടൊപ്പമായിരുന്നു എന്നതും അതിനു ശേഷം നടക്കുന്നത് എന്തൊക്കെയാണെന്നതും രാജ്യം കണ്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ്.

രഹസ്യമൊഴിയായാലും പരസ്യമൊഴിയായാലും ഏത് സംഭവത്തിലും മതിയായ തെളിവുണ്ടെങ്കിലേ കോടതികളിൽ കേസ് നിലനില്‍ക്കുകയൊളൂ. സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തുന്ന മൊഴികൾക്കും അതിനാല്‍ തന്നെ തെളിവുമൂല്യം ഉണ്ടെന്ന് ഒരിക്കലും പറയാൻ കഴിയുകയില്ല. സ്വപ്ന ലോകത്തിരുന്ന് അന്തിചർച്ചകൾ നടത്തുന്ന ചാനലുകൾ ഇക്കാര്യം കൂടി മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top