കർണ്ണാടകയിൽ സംഭവിക്കുന്നത് എന്ത് ? പള്ളിക്കൂടങ്ങളിൽ വർഗീയത പടർത്തരുത്

ന്ത്യയുടെ ‘സിലിക്കണ്‍ വാലി’യായി അറിയപ്പെടുന്ന നഗരമാണ് ബംഗളുരു. ആഗോള സാംസ്‌കാരിക സമന്വയം കാണാന്‍ കഴിയുന്ന നഗരം കൂടിയാണിത്. ഈ ഹരിത നഗരം ഉള്‍പ്പെടുന്ന കര്‍ണ്ണാടകയില്‍ നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മതേതര സമൂഹത്തെ ആകെ അസ്വസ്ഥപ്പെടുത്തുന്നതാണ്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കര്‍ണ്ണാടകയിലെ കാമ്പസുകളിലേക്ക് വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇവിടെയാണ് നാം എസ്.എഫ്.ഐ പോലുള്ള പുരോഗമന വിദ്യാര്‍ത്ഥികളുടെ പ്രസക്തി മനസ്സിലാക്കേണ്ടത്. കേരളത്തിലെ കാമ്പസുകളില്‍ ഹിജാബ് ധരിക്കുന്നതും തൊപ്പി ധരിക്കുന്നതും കയ്യില്‍ രാഖികെട്ടുന്നതിനും ഒന്നും ആരും എതിരല്ല ഒരു എതിര്‍പ്പും ഇവിടെ വിലപ്പോവുകയും ഇല്ല.

ഈ സ്വാതന്ത്ര്യം ഇപ്പോഴും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതിനു പിന്നില്‍ എസ്.എഫ്.ഐയുടെ കാമ്പസുകളിലെ സ്വാധീനം വലിയ ഒരു ഘടകമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലാതായാല്‍ അവിടെ ജാതി മത ശക്തികളും ലഹരി മാഫിയയുമാണ് പിടിമുറുക്കുക എന്ന യാഥാര്‍ത്ഥ്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. നമ്മുടെ അയല്‍ സംസ്ഥാനം ഇപ്പോള്‍ നല്‍കുന്ന സന്ദേശവും അതാണ്. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഉള്ളതിനാല്‍ കേരളത്തെ സംബന്ധിച്ചും ഏറെ പ്രിയപ്പെട്ട സംസ്ഥാനമാണ് കര്‍ണ്ണാടക. പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ പഠിക്കുന്ന സംസ്ഥാനം കൂടിയാണിത്. കേരളത്തേക്കാള്‍ കൂടുതല്‍ ജാതി-മത ശക്തികള്‍ക്ക് ശക്തമായ സ്വാധീനവും കര്‍ണ്ണാടകയിലുണ്ട്. നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും മുന്‍പ് പലവട്ടം കര്‍ണ്ണാടക സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ വീണ്ടും അസ്വസ്ഥപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ആ സംസ്ഥാനത്തു നിന്നും വരുമ്പോള്‍ അമ്പരന്നു നില്‍ക്കുന്നത് രാജ്യം ആകെയാണ്. ഹിജാബിന് അധികൃതര്‍ കാമ്പസില്‍ ഏര്‍പ്പെടുത്തിയ വിലക്കും ഹിജാബ് ധരിക്കുന്ന കുട്ടികളെ തടയാന്‍ കാവി തലപ്പാവും കാവിഷാളും ധരിച്ച് സംഘപരിവാരങ്ങള്‍ കൂട്ടത്തോടെ ഇറങ്ങിയതും എല്ലാം ഭയപ്പെടുത്തുന്ന കാഴ്ചകളാണ്. സ്ഥിതി പിടിവിട്ടതോടെ സംസ്ഥാനത്തെ ഹൈസ്‌കൂളുകളും കോളേജുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാനാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിലവില്‍ ഉത്തരവിട്ടിരിക്കുന്നത്.

സമാധാന അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് ജനങ്ങളോടും വിദ്യാര്‍ഥികളോടും ബഹുമാനപ്പെട്ട ഹൈക്കോടതിയും അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം വൈകാരിക പ്രശ്‌നമാക്കി മാറ്റരുതെന്നാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ ബുധനാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കുന്നുമുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ പറ്റുന്ന ഒരു ഇടപെടല്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

അതേസമയം, സംഘപരിവാര ശക്തികളുടെ അഴിഞ്ഞാട്ടം സംസ്ഥാന വ്യാപകമായി സംഘര്‍ഷത്തിന് കാരണമായതായാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ആരോപിച്ചിരിക്കുന്നത്. ശിവമോഗയിലെ കോളേജില്‍ ദേശീയപതാക ഉയര്‍ത്താറുള്ള കൊടിമരത്തില്‍കയറി അധികൃതര്‍ നോക്കിനില്‍ക്കേയാണ് സംഘപരിവാറുകാര്‍ കാവിക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ജയ്ശ്രീറാം മുഴക്കി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിതമായി കാവി ഷാള്‍ അണിഞ്ഞാണ് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തിയിരുന്നത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ഇവര്‍ തടഞ്ഞതും സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ശിവമോഗയില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദാവന്‍ഗരെ ജില്ലയിലെ, ഹരിഹര്‍ ഫസ്റ്റ് ഗ്രേഡ് കോളേജില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുന്ന സാഹചര്യവും ഉണ്ടായി. ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലീസ് ഇവിടെ സ്ഥിതി ശാന്തമാക്കിയിരിക്കുന്നത്. കാവിഷാള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്‌തെന്നാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആരോപിച്ചിരിക്കുന്നത്.

ഉഡുപ്പി മഹാത്മഗാന്ധി കോളേജ്, കുന്ദാപ്പുരത്തെ പിയു കോളേജ് എന്നിവിടങ്ങളിലും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. മാണ്ഡ്യ പിഇഎസ് കോളേജില്‍ കാവിഷാളും തലപ്പാവും ധരിച്ചെത്തിയ എബിവിപിക്കാര്‍ ജയ് ശ്രീറാം മുഴക്കിയാണ് ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിക്കുനേരെ പാഞ്ഞടുത്തിരുന്നത്. ഇതിനെതിരെ വിദ്യാര്‍ത്ഥിനി ചെറുത്തു നില്‍ക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോളേജ് അധികൃതര്‍ ഇടപെട്ടാണ് പെണ്‍കുട്ടിയെ പിന്നീട് രക്ഷപ്പെടുത്തി കൊണ്ടുപോയിരുന്നത്. ബാഗല്‍കോട്ട് ജില്ലയിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ജില്ലകളിലേക്ക് സംഘര്‍ഷം വ്യാപിക്കാതിരിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസിന്റെ നിരീക്ഷണവും കര്‍ണ്ണാടകയില്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ കുപ്രചരണങ്ങളില്‍ വീണു പോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷമാദ്യം ഉഡുപ്പിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വനിത പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പുറത്താക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കൂടുതല്‍ കാമ്പസുകളിലേക്ക് സംഘര്‍ഷം വ്യാപിക്കുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കാവിഷാള്‍ അണിഞ്ഞ് കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. ഉഡുപ്പി ജില്ലയിലുള്ള കുന്ദാപുരിലെ ആര്‍എന്‍ ഷെട്ടി കോളേജിലായിരുന്നു ഈ സംഭവം അരങ്ങേറിയിരുന്നത്.
യൂണിഫോമിന് മുകളില്‍ കാവിഷാള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ ജയ് ശ്രീറാം വിളിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത് എന്നതും ശ്രദ്ധേയമാണ്. ലക്ഷ്യം പ്രകോപനം എന്നു വ്യക്തം.

കാമ്പസിലെ വെയ്റ്റിംഗ് റൂമില്‍ വച്ച് ഹിജാബ് മാറ്റിയ ശേഷം ക്ലാസുകളില്‍ പങ്കെടുക്കാനാണ് ശിവമോഗ ജില്ലയിലെ, ‘വിശ്വേശരയ്യ’ കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിനികളോടും അവരുടെ രക്ഷിതാക്കളോടും സംസാരിച്ച ശേഷമാണ് സമവായ തീരുമാനത്തിലെത്തിയതെന്നാണ് വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ എം ജി ഉമാശങ്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലന്ന നിലപാടിലാണ് ഒരു വിഭാഗമുള്ളത്. അവരുടെ എതിര്‍പ്പിനെയാണ് സംഘ പരിവാര്‍ സംഘടനകള്‍ കൂട്ടത്തോടെ ചോദ്യം ചെയ്തിരിക്കുന്നത്.

സമത്വവും ഐക്യവും പൊതുക്രമവും ലംഘിക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിട്ടതും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1983ലെ, കര്‍ണാടക വിദ്യാഭ്യാസ ആക്ട് അനുസരിച്ച് എകീകൃത വസ്ത്രധാരണം നിര്‍ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിലയിടത്ത് വിദ്യാര്‍ഥികള്‍ മതമനുസരിച്ച് വസ്ത്രം ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ഐക്യവും സമത്വവും തകര്‍ക്കുന്നതാണെന്നും ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പരസ്യമായി തെരുവില്‍ ഇറങ്ങിയ സംഘ പരിവാറുകാര്‍ ചൂണ്ടിക്കാട്ടുന്നതും ഇതാണ്. ഹിജാബ് സമരത്തിനു പിന്നില്‍ തീവ്രവാദ നിലപാടുള്ള സംഘടനകളാണ് എന്നാണ് പരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്.

രണ്ടു ഭാഗത്തും തീവ്ര നിലപാടുള്ളവര്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വസ്തുത. ഈ നീക്കം അത്യന്തം അപകടകരമാണ്. മത വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും എല്ലാം ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമുണ്ട്. ഇന്ത്യ, ഒരു മത രാഷ്ട്രമല്ല, സെക്യുലര്‍ രാജ്യമാണ്. ഇവിടെ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നത് ആരായാലും അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് മതേതര സമൂഹത്തിന്റെ ആകെ ബാധ്യതയാണ്. കുട്ടികളെ മുന്‍ നിര്‍ത്തി ആരും തന്നെ വര്‍ഗ്ഗീയതകളിക്കരുത്. അത് ഭൂരിപക്ഷ വര്‍ഗ്ഗീയത ആയാലും ന്യൂനപക്ഷ വര്‍ഗ്ഗീയത ആയാലും ചെറുക്കപ്പെടേണ്ടത് തന്നെയാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായാണ് ഭരണകൂടങ്ങളും പ്രവര്‍ത്തിക്കേണ്ടത്. അതാണ് രാജ്യം ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

EXPRESS KERALA VIEW

Top