നടക്കാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വാശിയേറിയ പോരാട്ടം

ടുവില്‍ പിണറായി – ഉമ്മന്‍ചാണ്ടി നേരിട്ടുള്ള ഒരു പോരാട്ടത്തിനാണിപ്പോള്‍ സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. ഇതുവരെ മുന്‍ നിരയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല ഇനി ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഉപനായകന്‍ മാത്രമാകും. യു.ഡി.എഫിലെ ഏറ്റവും ജനകീയനായ നേതാവും ഇടതുപക്ഷത്തിന്റെ കരുത്തും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കാകും എന്നതാണ് രാഷ്ട്രീയ കേരളമിപ്പോള്‍ ഉറ്റുനോക്കുന്നത്. പിണറായിയും ഉമ്മന്‍ ചാണ്ടിയും ഏത് രാഷ്ട്രീയ സാഹചര്യത്തിലും നിയമസഭയിലെത്തും. എന്നാല്‍ രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സ്ഥിതി വ്യത്യസ്തമാണ്. വലിയ അഗ്‌നിപരീക്ഷണം തന്നെ ഇവര്‍ രണ്ടു പേരും മണ്ഡലങ്ങളില്‍ നേരിടേണ്ടി വരും.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം ഉറപ്പാണെന്ന് പറയാമെങ്കിലും പഴയ കുറ്റിപ്പുറം ‘എഫക്ട്’ ബാധിച്ചാല്‍ ഈ വന്‍മരവും കടപുഴകും. എം.പി സ്ഥാനം രാജിവച്ച് ജനവിധി തേടുന്നതിനെതിരായ പ്രതിഷേധത്തിന്റെ വ്യാപ്തി ആയിരിക്കും കുഞ്ഞാലിക്കുട്ടിയുടെ വിധിയും നിര്‍ണ്ണയിക്കുക. യു.ഡി.എഫ് നേതാക്കളായ പി.ജെ.ജോസഫും ഷിബു ബേബി ജോണുമെല്ലാം മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. ഏത് വെല്ലുവിളിയിലും ജയിക്കാന്‍ സാധ്യതയുള്ള ഉറച്ച നിരവധി സീറ്റുകള്‍ സി.പി.എമ്മിന്റെ കൈവശമുണ്ട്. ഇതില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. മുസ്ലീം ലീഗിന് മലപ്പുറത്തും ഇതുപോലെ ചില മണ്ഡലങ്ങളുണ്ട്. എന്നാല്‍ അവരുടെ ഏറ്റവും ശക്തികേന്ദ്രമായ താനൂരില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടിയതിനാല്‍ ശ്രദ്ധയോടെയാണ് ഇത്തവണ ലീഗും ചുവട് വയ്ക്കുന്നത്.

തലമുറ മാറ്റം എന്ന ആവശ്യമാണ് ലീഗ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അതേസമയം ഇത്തവണയും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ യു.ഡി.എഫാണ് വലിയ ഭീഷണി നേരിടുക. പത്തോളം മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം. ഇതാകട്ടെ ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണുണ്ടാക്കുക. കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ ട്വന്റി ട്വന്റി വിള്ളലുണ്ടാക്കുമെന്നതിനാല്‍ അവരുമായി അനുനയ ചര്‍ച്ചയും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന നിലപാടില്‍ തന്നെയാണ് ഈ ‘അരാഷ്ട്രീയ’ കൂട്ടം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്.

മധ്യ തിരുവതാംകൂറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. ജോസ്.കെ മാണി വിഭാഗത്തിന്റെ കടന്നു വരവാണ് ഈ ആത്മവിശ്വാസത്തിന് ആധാരം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചില മണ്ഡലങ്ങളിലും ജോസ് വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടവുമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത് തന്നെ മധ്യ കേരളത്തിലെ പ്രതാപം തിരിച്ചു പിടിക്കുന്നതിനാണ്. പക്ഷേ ക്രൈസ്തവ വിഭാഗങ്ങള്‍ ഇപ്പോഴും യു.ഡി.എഫിനോട് ശക്തമായ ഉടക്കില്‍ തന്നെയാണുള്ളത്. ഇതിനുപുറമെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തെയും ഒപ്പം നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി നീക്കം തുടങ്ങിയിട്ടുണ്ട്.

സുകുമാരന്‍ നായരുമായും വെള്ളാപ്പള്ളി നടേശനുമായും നേരിട്ട് ആശയ വിനിമയം നടത്തുന്നതും ഉമ്മന്‍ചാണ്ടി തന്നെയാണ്. ഈ നീക്കങ്ങളുടെ എല്ലാം റിസള്‍ട്ട് എന്താകുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്. അതേസമയം എന്‍.എസ്.എസിനെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും ഇപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് ഇതിനായി ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടശനുമായും ബി.ജെ.പി ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. ബി.ഡി.ജെ.എസ് മുന്നണിയിലുണ്ടെങ്കിലും അത് മാത്രം പോരന്നതാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. എസ്.എന്‍.ഡി.പി യോഗം നേരിട്ട് പിന്തുണയ്ക്കണമെന്നതാണ് അവരുടെ ആവശ്യം. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സംഘടനകളെ ഒപ്പം നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

സമസ്തയെയും കാന്തപുരം വിഭാഗത്തെയും ഒപ്പം നിര്‍ത്താനാണ് ശ്രമം. മുഖ്യമന്ത്രിയില്‍ മുസ്ലീം സംഘടനകള്‍ക്ക് ആഭിമുഖ്യം വര്‍ദ്ധിച്ചതോടെയാണ് യു.ഡി.എഫ് നേതാക്കള്‍ അനുനയ ശ്രമവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പിണറായി വിജയന്റെ കേരളയാത്രയില്‍ മുസ്ലീം നേതാക്കള്‍ വ്യാപകമായാണ് പങ്കെടുത്തിരുന്നത്. ഒടുവില്‍ മലപ്പുറത്തെ കൂടിക്കാഴ്ചയില്‍ നിന്നും സമസ്ത നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തന്നെ നേരിട്ട് ഇടപെടേണ്ടിയും വന്നിരുന്നു. എന്നിട്ടും സമസ്ത യോഗത്തിലേക്ക് പ്രതിനിധിയെ പറഞ്ഞയക്കുകയുണ്ടായി. ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കായ സമസ്തക്ക് ഇടതുപക്ഷത്തോട് ആഭിമുഖ്യം വര്‍ദ്ധിച്ചത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തോടെയാണ്.

മറ്റെല്ലാ സംസ്ഥാനങ്ങളും പകച്ച് നിന്നപ്പോള്‍ പ്രതിരോധം തീര്‍ത്ത് കേരള സര്‍ക്കാറും ഇടതു സംഘടനകളും രംഗത്ത് വന്നതാണ് സമസ്തയെ സ്വാധീനിച്ചിരുന്നത്. ലീഗ് വിലക്ക് ലംഘിച്ചാണ് സമസ്ത പ്രവര്‍ത്തകരും നേതാക്കളും മനുഷ്യ ശൃംഖലയിലും റാലികളിലും പങ്കാളികളായിരുന്നത്. കിട്ടുന്ന അവസരങ്ങളിലെല്ലാം പിണറായിയെ സമസ്ത നേതാക്കള്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ സംഘടനകള്‍ക്കിടയിലും മാറിയ സാഹചര്യത്തില്‍ ഇടതിനോടാണ് ആഭിമുഖ്യം. എന്‍.എസ്.എസ് – എസ്.എന്‍.ഡിപി നേതൃത്വങ്ങള്‍ക്ക് പ്രതിപക്ഷ ആഭിമുഖ്യമാണ് കൂടുതലെങ്കിലും അണികളില്‍ നല്ലൊരു വിഭാഗവും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. ഈ കണക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇടതുപക്ഷവും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന എബിപി – സി വോട്ടര്‍ സര്‍വേയും ഇടതു അണികള്‍ക്ക് ആവേശം പകരുന്നതാണ്. 140 അംഗ നിയമസഭയില്‍ 85 സീറ്റും ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന. ഇടതുപക്ഷത്തിന് 41.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു.ഡി.എഫിന് 34.6 ശതമാനം വോട്ടും ബി.ജെ.പിക്ക് 15.3 ശതമാനം വോട്ടുകളുമാണ് ലഭിക്കുകയെന്നാണ് സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് 22 ശതമാനത്തിന്റെ പിന്തുണ ലഭിച്ചപ്പോള്‍ പിണറായിക്ക് ലഭിച്ചിരിക്കുന്നത് 47 ശതമാനത്തിന്റെ പിന്തുണയാണ്. ഉമ്മന്‍ചാണ്ടി യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാലും പിണറായിയുടെ അടുത്തെത്താന്‍ പോലും കഴിയില്ലെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടി ഇപ്പോള്‍ സി.പി.എം പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് ചുവപ്പിന്റെ പ്രധാന തുറുപ്പ് ചീട്ട്.

Top