‘ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാന്‍ ഇന്ത്യ ചെയ്യേണ്ടത്’; 12th ഫെയിലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ടുത്തിടെ റിലീസായ ചിത്രങ്ങളില്‍ നിരൂപക പ്രശംസ പിടിച്ച് പറ്റിയ ചിത്രങ്ങളിലൊന്നാണ് വിധു വിനോദ് ചോപ്ര ഒരുക്കിയ 12th ഫെയില്‍. 12-ാംതരം പരാജയപ്പെടുകയും കഠിന പ്രയത്‌നത്തിലൂടെ യു.പി.എസ്.സി പരീക്ഷ വിജയിക്കുകയും ചെയ്ത മനോജ് ശര്‍മയുടെ ജീവിതകഥകൂടിയായിരുന്നു ചിത്രം. ചിത്രത്തെ പ്രശംസകള്‍കൊണ്ടുമൂടിയിരിക്കുകയാണ് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് 12th ഫെയില്‍ സിനിമയേയും താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും ആനന്ദ് മഹീന്ദ്ര പ്രശംസിച്ചിരിക്കുന്നത്. ഒടുവില്‍ ഈ കഴിഞ്ഞ വാരാന്ത്യത്തില്‍ ’12th’ കണ്ടു. ഈ വര്‍ഷം ഒറ്റ സിനിമ മാത്രമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, ആ ഒരെണ്ണം ഇതാകട്ടെ എന്നാണ് കുറിപ്പിന് ആമുഖമായി ആനന്ദ് മഹീന്ദ്ര പറഞ്ഞത്. എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിക്കുന്നതിനൊപ്പം ചിത്രത്തിന്റെ കഥ, അഭിനേതാക്കള്‍, കഥപറച്ചില്‍ ശൈലി എന്നിവയേക്കുറിച്ചും ആനന്ദ് മഹീന്ദ്ര വിശദീകരിക്കുന്നുണ്ട്.

ഈ കഥ രാജ്യത്തെ യഥാര്‍ത്ഥ നായകന്മാരെ അടിസ്ഥാനമാക്കിയുള്ളതാണ്. നായകന്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷകളില്‍ ഒന്നായി വിജയിക്കാന്‍ അസാധാരണമായ പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടുന്ന, വിജയം രുചിക്കാനാഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളുടേയും കഥയാണിത്. മികച്ച താരനിര്‍ണയം തന്നെയാണ് വിധു വിനോദ് ചോപ്ര നടത്തിയിട്ടുള്ളത്. ഓരോ താരങ്ങളും വിശ്വസനീയമാംവിധം അവരവരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ ദേശീയ പുരസ്‌കാരം കിട്ടേണ്ട പ്രകടനമാണ് വിക്രാന്ത് മാസി കാഴ്ചവെച്ചത്. അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ആനന്ദ് മഹീന്ദ്ര എഴുതി. മഹത്തായ സിനിമ മഹത്തായ കഥകളുടേതാണെന്ന് വിധു ചോപ്ര നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ കാലഘട്ടം. നന്നായി പറഞ്ഞിരിക്കുന്ന ഒരു കഥയുടെ ലാളിത്യത്തിനും ആധികാരികതയ്ക്കും സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ ആവശ്യമേയില്ല. ഇന്റര്‍വ്യൂ സീന്‍ ആയിരുന്നു തനിക്ക് ഏറെ സവിശേഷമായി തോന്നിയത്. ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് കാണിക്കുന്ന രംഗമായിരുന്നു ഇതെന്നും വിധു വിനോദ് ചോപ്രയില്‍നിന്നും ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

മനോജ് ശര്‍മയുടെ ജീവിതത്തെ അടിസ്ഥാനമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് വിധു വിനോദ് ചോപ്ര ചിത്രമൊരുക്കിയത്. ചിത്രത്തില്‍ ഒരു ചെറിയ രംഗത്തില്‍ മനോജ് കുമാര്‍ ശര്‍മയും ഭാര്യ ശ്രദ്ധാ ജോഷിയും വേഷമിടുന്നുമുണ്ട്. വിക്രാന്ത് മാസിയാണ് മനോജ് കുമാര്‍ ആയെത്തിയത്. മേധാ ഷങ്കറാണ് ശ്രദ്ധാ ജോഷിയായെത്തിയത്. അനന്ത് വി ജോഷി, അന്‍ഷുമാന്‍ പുഷ്‌കര്‍, പ്രിയാന്‍ഷു ചാറ്റര്‍ജി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. ബോക്‌സോഫീസില്‍ അപ്രതീക്ഷിതവിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

Top