രണ്ട് പേര്‍ക്ക് കൂടി കൊറോണ; തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യ ചെയ്യുന്നത് എന്ത്?

കൊറോണവൈറസ് ഇന്ത്യയില്‍ രണ്ട് പേരില്‍ കൂടി പോസിറ്റീവായി കണ്ടെത്തിയതോടെ രാജ്യം ജാഗ്രതയില്‍. ഡല്‍ഹിയിലും, തെലങ്കാനയിലുമാണ് ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ രോഗി, പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ പോയി മടങ്ങിയതായി കേന്ദ്രമന്ത്രി പറഞ്ഞു. തെലങ്കാനയിലെ രോഗി ദുബായില്‍ യാത്ര കഴിഞ്ഞെത്തിയ ആളാണ്. രണ്ട് രോഗികളുടെയും അവസ്ഥ സ്ഥായിയായ നിലയിലാണ്, ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ അവസ്ഥ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ ഘട്ടത്തില്‍ യാത്രാ വിലക്കുകള്‍ പ്രഖ്യാപിക്കുമെന്നും വര്‍ദ്ധന്‍ വ്യക്തമാക്കി.

നിലവില്‍ ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിസകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ’21 വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ സ്‌ക്രീനിംഗ് നടക്കുന്നത്. 12 പ്രധാന സീപോര്‍ട്ട്, 65 മൈനര്‍ സീപോര്‍ട്ടുകളിലും സ്‌ക്രീനിംഗ് നടത്തുന്നു. ഇതുവരെ എയര്‍പോര്‍ട്ടുകളില്‍ 5,57,431 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. സീപോര്‍ട്ടുകളില്‍ 12431 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയമാക്കി’, ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

15 പുതിയ ലാബുകളാണ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരെ പ്രവര്‍ത്തനത്തില്‍ ഏകോപിപ്പിച്ചിട്ടുണ്ട്. വൈറസ് സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്. സംശയമുള്ള കേസുകളില്‍ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് ഡോ. ഹര്‍ഷവര്‍ദ്ധന്റെ ഉപദേശം. അതേസമയം ജനത്തിന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top