പാര്‍ട്ടിക്കു വേണ്ടി ഓടി നടക്കുന്ന ലോക്കല്‍ സഖാക്കള്‍ക്ക് എന്തുകിട്ടി; വിമര്‍ശനവുമായി പി കെ അബ്ദുറബ്

മലപ്പുറം: നവ കേരള സദസില്‍ മര്‍ദ്ദനമേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ട സംഭവത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്ദുറബ്. കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് മറുകണ്ടം ചാടിയവര്‍ക്ക് കൊടുക്കാന്‍ മന്ത്രിപ്പണിയുണ്ട്, എംഎല്‍എ സ്ഥാനമുണ്ട്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുതല്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവികള്‍ വരെയുണ്ട്. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കല്‍ സഖാക്കള്‍ക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവ കേരള സദസിനിടെയാണ് റയീസ് എന്നയാള്‍ക്ക് മര്‍ദ്ദനമേറ്റത്. വേദിയില്‍ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കരികില്‍ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മര്‍ദിച്ചതിനാല്‍ ഇനി പാര്‍ട്ടിയില്‍ ഇല്ലന്നും റയീസ് വ്യക്തമാക്കി.

പി കെ അബ്ദുറബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കോണ്‍ഗ്രസില്‍ നിന്നും
ലീഗില്‍ നിന്നും ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക്
മറുകണ്ടം ചാടിയവര്‍ക്ക് കൊടുക്കാന്‍
മന്ത്രിപ്പണിയുണ്ട്, MLA സ്ഥാനമുണ്ട്,
മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുതല്‍
ബോര്‍ഡ് ചെയര്‍മാന്‍ പദവികള്‍
വരെയുണ്ട്…..!
എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി മൈദപ്പശയുമായി
ഓടി നടക്കുന്ന ലോക്കല്‍ സഖാക്കള്‍ക്ക്
എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്.
അവര്‍ക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി
കൊണ്ടേയിരിക്കും…
നവകേരള സദസ്സില്‍ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവര്‍ക്കുള്ള
വായടപ്പന്‍ മറുപടിയാണ്
ഇന്ന് സഖാക്കള്‍ കൊച്ചിയില്‍
നല്‍കിയത്.
നവകേരള സദസില്‍ എന്തു കിട്ടീ…..
ഉണ്ട കിട്ടീ…!

Top