യഥാര്‍ത്ഥത്തില്‍ ഒവൈസിയുടെയും ആസാദിന്റെയും ലക്ഷ്യം എന്താണ് ?

ടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് ആറ് സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളാണിത്. മോദി സര്‍ക്കാറിനു മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. കാരണം ഈ സംസ്ഥാനങ്ങളിലെ ജനഹിതമായിരിക്കും ലോകസഭ തിരഞ്ഞെടുപ്പിനെയും ഇനി സ്വാധീനിക്കാന്‍ പോകുന്നത്. എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. 80 ലോകസഭ സീറ്റുകള്‍ ഉള്ള ഈ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തേണ്ടത് ബി.ജെ.പിയെ സംബന്ധിച്ച് അനിവാര്യമാണ്.

സംസ്ഥാന ഭരണം കൈവിട്ടാല്‍ ലോകസഭ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന തിരിച്ചറിവ് പ്രധാനമന്ത്രി നരേമോദിക്കും നിലവിലുണ്ട്. അതുകൊണ്ട് തന്നെ നേരിട്ടാണിപ്പോള്‍ യു.പിയിലെ കാര്യങ്ങളില്‍ പ്രധാനമന്ത്രി ഇടപെട്ടുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ് ദേശീയ നേതൃത്വവും ശക്തമായ നിര്‍ദ്ദേശമാണ് യു.പി ഘടകത്തിന് നല്‍കിയിരിക്കുന്നത്. സര്‍വ്വ ശക്തിയുമെടുത്ത് ഭരണം നിലനിര്‍ത്താനാണ് പരിവാറിന്റെ ശ്രമം. അതിനായി അവര്‍ പ്രധാനമായും ശ്രമിക്കുന്നത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതു തന്നെയാണ് തന്ത്രം. ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാലും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.

ബി.എസ്.പിയാകട്ടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ”ആസാദ് സമാജ് പാര്‍ട്ടി’യെയാണ് ഭയപ്പെടുന്നത്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ദൗത്യം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടാണ് ചന്ദ്രശേഖര്‍ ആസാദ് മായാവതിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, മുസ്‌ലിംകള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഭീം ആര്‍മിക്കുണ്ടായ സ്വാധീനം വോട്ടാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടി വഴി ചന്ദ്രശേഖര്‍ ആസാദ് ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ നേതാവ് അസാദുദ്ദീന്‍ ഒവൈസിയും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 100 സീറ്റില്‍ മത്സരിക്കുവാനാണ് ആ പാര്‍ട്ടിയുടെ തീരുമാനം.

പടിഞ്ഞാറന്‍ യുപി, മധ്യ യുപി, കിഴക്കന്‍ യുപി എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനാണ് നീക്കം. അടുത്തിടെ യുപിയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ഒവൈസിയുടെ പാര്‍ട്ടി കാഴ്ചവെച്ചിരുന്നത്. അവര്‍ പിന്തുണച്ച 24 സ്ഥാനാര്‍ഥികളും വിജയിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 20ല്‍ അഞ്ചുസീറ്റുകളില്‍ വിജയിച്ച ടീം ഒവൈസി നിരവധി സീറ്റുകളിലാണ് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചിരുന്നത്. അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ വീണ്ടും ബീഹാറില്‍ ബി.ജെ.പി ജെ.ഡി.യു സഖ്യം അധികാരത്തില്‍ വന്നിരിക്കുന്നത്. ഈ പോക്ക് പോയാല്‍ യു.പിയിലും സമാന ചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് യു.പിയില്‍ വലിയ ജനരോക്ഷം നേരിടുന്ന ബി.ജെ.പിക്കാണ് ഏറെ ഗുണം ചെയ്യുക.

ജാതി രാഷ്ട്രീയത്തെ അതിന്റെ ഈറ്റില്ലങ്ങളില്‍ വീണ്ടും പരാജയപ്പെടുത്താന്‍ ചന്ദ്രശേഖര്‍ ആസാദും മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഒവൈസിയുടെ പാര്‍ട്ടിയുമാണ് ബി.ജെ.പിക്ക് സഹായകരമാകാന്‍ പോകുന്നത്. ഹിന്ദു ദേശീയത ഉയര്‍ത്താനും ഒവൈസിയുടെ സാന്നിധ്യത്തെ പരിവാര്‍ സംഘടനകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് സാധ്യത. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പറന്നു കളിച്ച മുസ്ലീംലീഗ് പതാകയെ പാക്ക് പതാകയാക്കി മുന്‍പ് ചിത്രീകരിച്ചതും യു.പിയിലെ ബി.ജെ.പി നേതാക്കളാണ്. അതിന്റെ പരിണിത ഫലം കൂടിയായിരുന്നു, രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ ദയനീയ പരാജയം. ഹിന്ദു ദേശീയത വോട്ടു ബാങ്കാക്കാമെന്ന് ബി.ജെ.പി. കാണിച്ചു തരുന്നത് ഇതാദ്യമായല്ല.

രാമജന്മഭൂമി തര്‍ക്കത്തിന്റെ പാശ്ചാത്തലത്തിലാണ് അവര്‍ ആദ്യമായി രാജ്യത്ത് ഹൈന്ദവ വികാരത്തിന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തിരുന്നത്. 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റില്‍ ഒതുങ്ങിപ്പോയ ബി.ജെ.പി പിന്നീട് മുന്നേറ്റത്തിനായി രാമക്ഷേത്രത്തെ ആശ്രയിക്കുകയാണുണ്ടായത്. ഇതോടെ 33 വര്‍ഷം കൊണ്ട് രണ്ടില്‍നിന്നും 303 സീറ്റിലേക്കാണ് അവര്‍ കുതിച്ചുയര്‍ന്നിരുന്നത്.
1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭരിപക്ഷമില്ലാത്ത സഭയില്‍ 85 സീറ്റുകളാണ് ബി.ജെ.പി. നേടിയിരുന്നത്. അഞ്ചു വര്‍ഷം കൊണ്ടാണ് രണ്ട് സീറ്റില്‍ നിന്നു 85ലേക്കു കുതിച്ചെത്തിയത് എന്നതും നാം ഓര്‍ക്കണം.ഇതിനു ശേഷം രാമജന്മഭൂമിയില്‍ ക്ഷേത്രത്തിനുള്ള ശിലാസ്ഥാപനം നടന്നതോടെ ബി.ജെ.പി സീറ്റുകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായി.

ജാതിരാഷ്ട്രീയത്തെ മറികടക്കാന്‍ യു.പിയിലും ജാതിയെ ബി.ജെ.പി സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. യാദവനു സാദ്ധ്യതയുള്ള മണ്ഡലത്തില്‍ യാദവനെയും ബ്രാഹ്മണനു സാദ്ധ്യതയുള്ള മണ്ഡലത്തില്‍ ബ്രാഹ്മണനേയും ഭൂമിഹാറിന്നു സാദ്ധ്യതയുള്ള സ്ഥലത്ത് ഭൂമിഹാറിനേയും തന്ത്രപൂര്‍വ്വം ഇറക്കിയാണ് അവര്‍ കളിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ജാതിയെക്കാള്‍ വലുതു രാജ്യമാണെന്നും ശൗചാലയവും വെള്ളവും ജീവിതസൗകര്യങ്ങളും ആണെന്നും പരിവാര്‍ സംഘടനകള്‍ ആഴത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. 2017ല്‍ ഉത്തര്‍പ്രദേശ് ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് ഈ പ്രചരണങ്ങളും ഏറെ സഹായകരമായിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിലെ വോട്ടു ശതമാനം വെച്ചു നോക്കിയാല്‍ യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചാല്‍ ബി.ജെ.പിക്കു ജയിക്കാന്‍ വലിയ പ്രയാസം തന്നെയാണ്. എന്നാല്‍ എസ്.പിയും ബി.എസ്.പിയും ആര്‍.എല്‍ഡിയും അടങ്ങിയ മഹാ സഖ്യത്തെ പൊളിച്ചടുക്കിയാണ് രാഷ്ട്രീയ നിരീക്ഷകരെ പോലും ബി.ജെ.പി ഞെട്ടിച്ചിരിക്കുന്നത്. യു പിയില്‍ കോണ്‍ഗ്രസ്സിന്റെ ആധിപത്യം അവസാനിപ്പിച്ച് ആദ്യമായി ഭരണം പിടച്ചത് മുലായം സിംഗാണ്. തുടര്‍ന്ന് 1991ലും 1997ലും 2000ലും രാമജന്മഭ്രൂമി പ്രക്ഷോഭം സൃഷ്ടിച്ച വികാരത്തിലുയര്‍ന്നാണ് ബി.ജെ.പിയും അധികാരത്തിലേറിയിരുന്നത്. കല്യാണ്‍ സിംഗ് മുഖ്യമന്തിയായിരിക്കുമ്പോള്‍ 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് അയോദ്ധ്യയില്‍ തകര്‍ക്കപ്പെട്ടത്.

അതേ സമയം 2017ല്‍ ഒരു മുഖ്യമന്ത്രിയെയും ചൂണിക്കാണിക്കാതെ തന്നെ പോരാടിയ ബി.ജെ.പി എല്ലാ എതിര്‍കക്ഷികളേയും ഞെട്ടിച്ചു കൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നത്. തുടര്‍ന്ന് യോഗി ആദിത്യനാഥിനെ മുഖമന്ത്രിയാക്കിക്കൊണ്ട് കാവിയെ ഒന്നുകൂടി കടുപ്പിച്ച് ഹൈന്ദവ രാഷ്ട്രീയത്തിന്റെ അടിത്തറ ബലപ്പെടുത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം ഉത്തര്‍പ്രദേശ് എന്ന യുപി യെ ഭരിച്ചത് എസ്.പി, ബി.എസ്.പി പാര്‍ട്ടികളോ ബി.ജെ.പിയോ ആയിരുന്നു. ഓരോ തവണ ബി.ജെ.പി. ജയിച്ചപ്പേഴും ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ എസ്.പി., ബി.എസ്.പി. പാര്‍ട്ടികള്‍ തിരിച്ചെത്തുമായിരുന്നു. എന്നാല്‍ 2017ല്‍ ജാട്ടുപാര്‍ട്ടിയായ ആര്‍.എല്‍.ഡിയെക്കൂടി കൂടെ കൂട്ടി ഒരു മഹാമുന്നണിയായി നിന്നിട്ടും അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസ്സുമെല്ലാം സ്വന്തം നിലക്ക് മത്സരിക്കുമ്പോള്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നതും മണ്ടത്തരമാണ്.

കാവി രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്ന നീക്കങ്ങളാണ് ഇതെല്ലാം. ചന്ദ്രശേഖര്‍ ആസാദിന്റെയും ഒവൈസിയുടെയും പാര്‍ട്ടികളും മതേതര വോട്ടുകളാണ് ഭിന്നിപ്പിക്കാന്‍ പോകുന്നത്. യോഗി ഭരണത്തിനെതിരായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധമാണ് ഇതോടെ ഫലം കാണാതെ പോകുക. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി ചെറുക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലങ്കില്‍ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന പരിവാര്‍ അജണ്ട തന്നെയാണ് 2022ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പിലും ഇനി നടപ്പാകാന്‍ പോകുന്നത്. അതാകട്ടെ മോദിയുടെ മൂന്നാം ഊഴത്തിനാണ് സാധ്യത വര്‍ദ്ധിപ്പിക്കുക. അതും വോട്ട് ഭിന്നിപ്പിക്കാന്‍ വരുന്നവര്‍ ഓര്‍ത്താല്‍ നന്ന് . . .

Top