എന്താണ് മതനിരപേക്ഷത? ചോദ്യവും ഉത്തരവും പറഞ്ഞ് മഹാരാഷ്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: ‘ഭരണഘടനയെന്താണോ വിഭാവനം ചെയ്യുന്നത് അതിലൂന്നിയാകും മുന്നോട്ട് പോകുക’ ശിവസേന മതനിരപേക്ഷത സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറയുടെ മറുപടിയായിരുന്നു ഇത്.ഇന്നലെ ശിവാജി പാര്‍ക്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറേ.

മതനിരപേക്ഷത എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തിരിച്ച് ചോദിച്ചു. ഭരണഘടനയില്‍ എന്താണോ പറഞ്ഞിരിക്കുന്നത് അതാണ് മതനിരപേക്ഷതയെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാവികാസ് അഘാടി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തുടങ്ങുന്നതിന് മുന്നെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. താങ്കളുടെ പാര്‍ട്ടി മതനിരപേക്ഷതയുടെ പ്രത്യയശാസ്ത്രം അംഗീകരിച്ചാണോ കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൂട്ടുകൂടിയതെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഉദ്ധവ് ഇങ്ങനെ മറുപടി നല്‍കിയത്.

ശിവജി പാര്‍ക്കില്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി മഹാവികാസ് അഘാടി നേതാക്കള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ മതനിരപേക്ഷത സംബന്ധിച്ചുള്ള സംയുക്ത കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു. മതനിരപേക്ഷത എന്നാല്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളായി തുടരുമെന്നും മുസ്ലിങ്ങള്‍ മുസ്ലിങ്ങളായി തുടരുമെന്നുമാണ് അര്‍ത്ഥമാക്കുന്നതെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top