മുഖ്യമന്ത്രി എന്ത് തെറ്റാണ് ചെയ്തത് ? കേന്ദ്രമന്ത്രി മുരളീധരന് മറുപടി ഉണ്ടോ ?

ത് ഒരു ഭരണാധികാരിയും നാളെ നേരിട്ടേക്കാവുന്ന വെല്ലുവിളി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോള്‍ നേരിടുന്നത്. മുഖ്യമന്ത്രിയുടെ മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തെറ്റ് ചെയ്താലും സമാന അവസ്ഥയാണുണ്ടാകുക. ഐ.എ.എസുകാരുടെ മനസ്സ് അളക്കുന്ന ഉപകരണമില്ലാത്തതിനാല്‍ വീഴ്ച തിരിച്ചറിയുമ്പോള്‍ മാത്രമാണ് നടപടി സ്വീകരിക്കുവാന്‍ കഴിയുക. അതാവട്ടെ ശിവശങ്കറിന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും കേന്ദ്രമന്ത്രിക്ക് പോലും ബോധ്യപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെയാണ് രാഷ്ട്രീയ താല്‍പ്പര്യം പ്രകടമാകുന്നത്.

ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത ഉടനെ തന്നെയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സമാന ആവശ്യം തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമില്ല. ഇവരുടെ എല്ലാം കണ്ണില്‍ മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ പ്രതി. അത്തരത്തിലാണ് കടന്നാക്രമണങ്ങളും നടത്തി വരുന്നത്. ഇത്തരക്കാരോട് ചില കാര്യങ്ങളാണ് സൂചിപ്പിക്കാനുള്ളത്. കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിമാര്‍ സെക്രട്ടറിമാരാക്കുക. അത്തരത്തില്‍ പിണറായി തിരഞ്ഞെടുക്കും വരെ ശിവശങ്കര്‍ ഒരു കുഴപ്പക്കരനും ആയിരുന്നില്ല.

ഭരണതലത്തില്‍ ഏറെ മികവുറ്റ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ശിവശങ്കര്‍ പഠനകാലത്തും അതേ മികവാണു പുലര്‍ത്തിയിരുന്നത്. എസ്എസ്എല്‍സിക്കു റാങ്ക് നേടി എന്‍ജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രദ്ധേയമായ ഭരണ പാടവമാണ് കാഴ്ച വച്ചിരുന്നത്. ഈ പ്രവര്‍ത്തന മികവ് കണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും അമിതമായ അധികാരം ലഭിക്കുകയും ചെയ്ത ശേഷം കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. അവിടെയാണ് അദ്ദേഹത്തിന് പിഴച്ചിരിക്കുന്നത്.

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മുതലെടുത്തതും ഇതു തന്നെയാണ്. സ്വപ്നയുമായി എന്ത് ഇടപാടുകള്‍ ശിവശങ്കറിന് ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വവും അദ്ദേഹത്തിന് മാത്രമാണ്. കാരണം മുഖ്യമന്ത്രി ഒരു വഴിവിട്ട പ്രവര്‍ത്തിക്കും ഇവിടെ കൂട്ട് നിന്നിട്ടില്ല. വ്യക്തിപരമായി മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ ബന്ധമില്ലെന്ന് പറഞ്ഞതും സ്വപ്ന സുരേഷ് തന്നെയാണ്. ശിവശങ്കര്‍ തെറ്റ് ചെയ്‌തെങ്കില്‍ അദ്ദേഹം അനുഭവിച്ച് കൊള്ളണം അതല്ലാതെ മുഖ്യമന്ത്രിയല്ല ക്രൂശിക്കേണ്ടത്. പദവി ദുരുപയോഗം ചെയ്‌തെന്ന് വ്യക്തമായപ്പോള്‍ ശിവശങ്കറെ സസ്‌പെന്റ് ചെയ്തതും സംസ്ഥാന സര്‍ക്കാറാണ്. ഇനി സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടണമെങ്കില്‍ അതിനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളത്.

കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയത്തിനും ഇക്കാര്യത്തില്‍ വ്യക്തമായ റോളുണ്ട്. അതിന് ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് കോടതിക്കും കേന്ദ്ര സര്‍ക്കാറിനുമാണ് കേന്ദ്ര ഏജന്‍സികള്‍ കൈമാറേണ്ടത്. ഇവിടെ ഉയര്‍ന്നു വന്ന വിവാദത്തില്‍ അന്വേഷണം നടക്കേണ്ടത് സത്യസന്ധമായിട്ടായിരിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ചട്ടുകമായി അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കരുത്. പ്രതികളുടെ മൊഴികള്‍ പുറത്ത് വിട്ടതിലൂടെ അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടെന്ന കാര്യവും നാം ഓര്‍ക്കണം.

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ നല്‍കുന്ന മൊഴികള്‍ക്ക് എന്ത് നിയമ സാധുതയാണ് ഉള്ളതെന്ന കാര്യവും പ്രസക്തം തന്നെയാണ്. സാധാരണ ഗതിയില്‍ കസ്റ്റഡിയിലുള്ളപ്പോള്‍ നല്‍കുന്ന മൊഴികള്‍ക്ക് കോടതികള്‍ പോലും വിചാരണ ഘട്ടത്തില്‍ പ്രാധാന്യം കൊടുക്കാറില്ല. ശക്തമായ തെളിവുകളാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. അതാണ് കോടതി മുന്‍പാകെ അന്വേഷണ ഉദ്യാഗസ്ഥര്‍ സമര്‍പ്പിക്കേണ്ടത്. അതല്ലാതെ കേന്ദ്ര താല്‍പ്പര്യം മൊഴിയില്‍ പ്രകടമാക്കി സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ ശ്രമിക്കരുത്.

ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസല്ല ഇന്ത്യന്‍ പൊലീസ് സര്‍വ്വീസെന്ന് കേന്ദ്ര തലപ്പത്തുള്ള ഐ.പി.എസുകാരെങ്കിലും ഇത്തരം ആളുകള്‍ക്ക് പറഞ്ഞു കൊടുക്കണം. ശിവശങ്കര്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതല്ലാതെ മുഖ്യമന്ത്രിയെ കുരുക്കാനാണ് ശിവശങ്കറുടെ കസ്റ്റഡി ഉപയോഗപ്പെടുത്തുന്നതെങ്കില്‍ അതും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. കേന്ദ്ര സഹമന്തി മുരളീധരന്റെ ആവേശവും കേന്ദ്ര ഏജന്‍സികളുടെ നീക്കവും കാണുമ്പോള്‍ ഇങ്ങനെ സംശയിക്കുന്നതും സ്വാഭാവികമാണ്.

Top