സൈനികര്‍ക്ക് രാഷ്ട്രീയം പറയാമോ; സൈനിക നിയമം പറയുന്നത് എന്ത്?

രാഷ്ട്രീയ വിവാദം പുകയുന്ന വിഷയത്തില്‍ സ്വന്തം അഭിപ്രായംപറഞ്ഞതാണ് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ വഴിയൊരുക്കിയിട്ടുള്ളത്. ഇതോടെ സൈനിക വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ എന്തെല്ലാം വിഷയങ്ങളില്‍ അഭിപ്രായം പറയാമെന്ന ചര്‍ച്ചകള്‍ക്കും തുടക്കമായി.

‘ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍. യൂണിവേഴ്‌സിറ്റികളിലും, കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ജനക്കൂട്ടത്തെ നയിച്ച് നഗരങ്ങളിലും പട്ടണങ്ങളിലും തീവെപ്പും, അക്രമങ്ങളും നടത്തുന്നത് കാണുന്നുണ്ട്. ഇതല്ല നേതൃത്വം’, ഡല്‍ഹിയില്‍ ഒരു ആരോഗ്യ സമ്മേളനത്തില്‍ ജനറല്‍ റാവത്ത് പറഞ്ഞു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ഏറ്റുപിടിച്ച് രാഷ്ട്രീയ അഭിപ്രായം പറഞ്ഞതായി ഉയര്‍ത്തിക്കാണിച്ച് വിവാദം സൃഷ്ടിച്ചു.

എന്നാല്‍ രാഷ്ട്രീയ നിറമുള്ള അഭിപ്രായങ്ങള്‍ പറയുന്നതില്‍ സൈനികര്‍ക്ക് എന്തെങ്കിലും പരിധികളുണ്ടോ? 1954 സൈനിക ചട്ടം അനുസരിച്ച് രാഷ്ട്രീയ വിഷയങ്ങളിലോ, സര്‍വ്വീസ് സംബന്ധിച്ചോ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൂടാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ലെന്നാണ് റൂള്‍ 21 പറയുന്നത്. പുസ്തകങ്ങള്‍, കത്ത്, ലേഖനം എന്നിവയെല്ലാം ഈ വിധത്തില്‍ വിലക്കുന്നു.

ഇന്ത്യയുടെ ഭാവിയായ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ ജനറല്‍ റാവത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ പൗരത്വ നിയമമോ, മറ്റ് രാഷ്ട്രീയ വിഷയങ്ങളോ കടന്നുവരുന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ എന്നതിന് സൈനിക നിയമം നിര്‍വചനവും നല്‍കുന്നില്ല. 2016 ഡിസംബര്‍ 31ന് സൈനിക മേധാവിയായി ചുമതലയേറ്റ ജനറല്‍ റാവത്ത് ഈ വരുന്ന 31ന് വിരമിക്കും. രാജ്യത്തിന്റെ ആദ്യ ഡിഫന്‍സ് സ്റ്റാഫ് മേധാവികള്‍ക്കായി പരിഗണിക്കുന്ന പേരുകളില്‍ ഒന്നാം സ്ഥാനത്താണ് ജനറല്‍ റാവത്ത്.

Top