സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്ന് വാട്‌സാപ്പ് സുപ്രീംകോടതിയില്‍

whats app 1

ന്യൂഡല്‍ഹി: ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത് അസാധ്യമെന്ന് വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചു.

അക്കൗണ്ടുകള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ചെയ്തവ ആയതിനാല്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്ന് വാട്‌സാപ്പ് പറഞ്ഞു. എന്നാല്‍ ഉപയോക്താക്കള്‍ നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സീനിയര്‍ കൗണ്‍സില്‍ കബില്‍ സിബലാണ് വാട്‌സാപ്പിന് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രശ്‌നം ചൂണ്ടിക്കാട്ടി സന്നദ്ധ പ്രവര്‍ത്തക പ്രജ്വല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേസെടുക്കുകയായിരുന്നു.

കേസില്‍ നവംബര്‍ 28 ന് വാദം കേള്‍ക്കവെ കേന്ദ്രസര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയം നീക്കം ചെയ്യുന്ന സംവിധാനമുണ്ടാക്കുക. പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി ഇന്ത്യയില്‍നിന്നു തന്നെയുള്ള പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുക. പ്രശ്‌നത്തില്‍ നിയമപാലന ഏജന്‍സികളുടെ സഹായം തേടാന്‍ 24 മണിക്കൂര്‍ സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മുന്നോട്ട് വച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍.

എന്നാല്‍ ഈ നിര്‍ദേശങ്ങളോട് ഗൂഗിള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചതെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ചൈല്‍ഡ് പോണോഗ്രഫി, കൂട്ടബലാത്സംഗ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെടേണ്ടതാണ് എന്നാണ് എല്ലാ കമ്പനികളുടെയും അഭിപ്രായം.

നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ എതെല്ലാം രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാന്‍ കോടതി കമ്പനികളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ പത്തിന് മുമ്പ് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ പകര്‍പ്പുകള്‍ അമിക്കസ് ക്യൂരിയ്ക്കും, പരാതിക്കാരുടെ അഭിഭാഷകര്‍ക്കും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top