വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സംഘങ്ങള്‍ ഇന്ന് മലപ്പുറത്തെത്തും

മലപ്പുറം: വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സംഘങ്ങള്‍ ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തുന്നത്.

വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ച് ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലാണ് ആദ്യ പരിശോധന.

വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.

Top