വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ഈ താരങ്ങളെ മാറ്റി നിര്‍ത്തിയത് എന്തുകൊണ്ട്

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയ്ക്കും, 2 മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ധോണി സ്വയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ടീമില്‍ പരിഗണിക്കാതിരുന്നതെങ്കില്‍ വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ട്യ, പൃഥ്വി ഷാ എന്നിവര്‍ ടീമിലില്ലാത്തതിന് കാരണം മറ്റൊന്നാണ്. പരിക്കുകളാണ് ഈ മൂന്ന് താരങ്ങള്‍ക്കും വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാത്തതിന് കാരണം.

ടീം പ്രഖ്യാപനത്തിനിടെ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് ശങ്കര്‍ ഇത് വരെ പൂര്‍ണമായും മോചിതനായിട്ടില്ലെന്നും, അത് കൊണ്ടാണ് അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാത്തതെന്നും പ്രസാദ് പറയുന്നു. നേരത്തെ ജസ്പ്രിത് ബുംറയുടെ പന്ത് കൊണ്ടായിരുന്നു ലോകകകപ്പിനിടെ ശങ്കറിന്റെ കാല്‍പ്പാദത്തിന് പരിക്ക് പറ്റിയത്.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി വിടാതെ പിന്തുടരുന്ന പുറംവേദനയാണ് ഹാര്‍ദിക് പാണ്ട്യയ്ക്ക് മുന്നില്‍ വില്ലനായത്.. പുറം വേദന അലട്ടുന്ന പാണ്ട്യയ്ക്ക് വിശ്രമം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറായ പൃഥ്വി ഷായ്ക്ക് വിനയായത് മുംബൈ പ്രീമിയര്‍ ലീഗിനിടെയേറ്റ പരിക്കാണ്. ഇടുപ്പിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്തതിനാല്‍ താരത്തേയും ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പ്രസാദ് ഇന്നലെ വ്യക്തമാക്കി.

Top