‘ദുര്‍ബലര്‍’ ആയതുകൊണ്ടാണ് ഇന്ത്യയെ പാശ്ചാത്യര്‍ സഹായിക്കുന്നതെന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യയെ ദുര്‍ബലരാക്കി കാണിച്ച് ചൈനീസ് മാധ്യമം രംഗത്ത്‌. ദോക് ലാ വിഷയത്തില്‍ മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ഇന്ത്യയെ അനുകൂലിക്കുന്നതിന് എതിരെയാണ് ചൈനീസ് മാധ്യമം രംഗത്തു വന്നിരിക്കുന്നത്.

ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലരായതിനാല്‍ ആ സഹതാപമാണ് ഇന്ത്യയ്ക്ക് അനുകൂലമായി എഴുതാന്‍ രാജ്യാന്തര മാധ്യമങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ചൈനീസ് മാധ്യമം വ്യക്തമാക്കി.

ജനാധിപത്യ രാജ്യമെന്ന ഒറ്റ പരിഗണനയിലാണ് എല്ലാ മാധ്യമങ്ങളും ദോക് ലാ വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടെടുക്കുന്നതെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ദോക് ലാ മേഖലയില്‍ കടന്നുകയറിയത് ഇന്ത്യന്‍ സൈന്യമാണ്. ദോക് ലാ ഭൂട്ടാനിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്ത്യയും ചൈനയെ കയ്യേറ്റക്കാരെന്നു വിളിച്ചു. പാശ്ചാത്യമാധ്യമങ്ങളും സമാനമായ രീതിയിലാണ് ചൈനയെ ചിത്രീകരിക്കുന്നത്.

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ചു കടന്ന ഇന്ത്യ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചെങ്കിലും, ‘ഇര’ എന്ന പരിഗണനയോടെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ കാണുന്നത്.

ഇന്ത്യയുടെ വാക്‌സാമര്‍ത്ഥ്യമാണ് അവര്‍ ശ്രദ്ധിക്കുന്നത്. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് നിരവധി ‘ഗുണങ്ങള്‍’ ഉണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ജനാധിപത്യമാണ് അതില്‍ പ്രധാനപ്പെട്ടത്. ജനാധിപത്യത്തിന്റെ കീഴില്‍ അനധികൃതമായതെന്തും ചെയ്യാമെന്ന സ്ഥിതിയാണ്.

രണ്ടാം ലോക മഹായുദ്ധം മുതല്‍ ‘ആരാന്റെ വിഷയത്തില്‍ തലയിടുന്ന’ സ്വഭാവമാണു ഇന്ത്യ കാണിക്കുന്നത്. ഈ വസ്തുതകളെല്ലാം പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും ലേഖനം പറയുന്നു.

കോളനിവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പിന് സമാധാനപരമായ മാര്‍ഗമാണ് ഇന്ത്യ സ്വീകരിച്ചതെന്നാണു പാശ്ചാത്യ ലോകം വിശ്വസിക്കുന്നത്. അതുകൊണ്ട്, ഇന്ത്യ മറ്റൊരു രാജ്യത്തെ ആക്രമിക്കുകയോ തകര്‍ക്കുകയോ ചെയ്യില്ലെന്ന വിശ്വാസമാണ് പല പാശ്ചാത്യ വിദഗ്ധര്‍ക്കുമുള്ളതെന്നും ലേഖനം അഭിപ്രായപ്പെടുന്നു.

ഇപ്പോഴും കോളനിവല്‍ക്കരണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ഇന്ത്യ, നയതന്ത്രപരമായും സൈനികമായും നേരിട്ടും അയല്‍ക്കാരായ ചെറുരാജ്യങ്ങളെ നിയന്ത്രിക്കുകയാണ്.

ഇന്ത്യയിലെ ഗോത്രവര്‍ഗങ്ങളുടെയും ചില മതവിഭാഗങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളും വിപ്ലവങ്ങളും അവര്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നു. ഇതെല്ലാം പാശ്ചാത്യമാധ്യമങ്ങള്‍ സൗകര്യപൂര്‍വം അവഗണിക്കുകയാണ്.

ബ്രിട്ടിഷുകാരില്‍ നിന്ന് അക്രമരഹിതമായ പ്രതിഷേധങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തെന്ന വസ്തുതവച്ച്, എല്ലാവരുടെയും കണ്ണില്‍ പൊടിയിടുകയാണ് ഇന്ത്യ ചെയ്യുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.

Top