ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആവേശ ജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. 27 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് വിന്‍ഡീസ് സംഘം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് വിജയിക്കുന്നത്. കമന്ററി ബോക്‌സില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ഉണ്ടായിരുന്നു. സ്വന്തം ടീമിന്റെ വിജയത്തില്‍ ലാറയുടെ സന്തോഷം കമന്ററി ബോക്‌സിലും ആവേശമുണ്ടാക്കി.

ആവേശകരമായ പോരാട്ടത്തില്‍ എട്ട് റണ്‍സിന്റെ ജയമാണ് വിന്‍ഡീസ് സംഘം സ്വന്തമാക്കിയത്. പേസര്‍ ഷമര്‍ ജോസഫിന്റെ ഏഴ് വിക്കറ്റ് പ്രകടനം വിന്‍ഡീസ് വിജയത്തില്‍ നിര്‍ണായകമായി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.

കണ്ണീരണിഞ്ഞാണ് ലാറ വിന്‍ഡീസ് ജയം ആഘോഷിച്ചത്. ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് ലാറയെ ചേര്‍ത്തുപിടിച്ചു. ഒപ്പം ബോക്‌സിലുണ്ടായിരുന്ന ന്യൂസിലാന്‍ഡ് മുന്‍ താരം ഇയാന്‍ സ്മിത്ത് കയ്യടിച്ചും വിന്‍ഡീസ് ജയം ആഘോഷമാക്കി. മൂന്ന് മുന്‍ താരങ്ങളുടെയും ക്രിക്കറ്റ് ആവേശം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

Top