ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ രണ്ടാം മത്സരവും വിജയിച്ച് വെസ്റ്റ് ഇന്‍ഡീസ്

ഗ്രനേഡ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ രണ്ടാം മത്സരവും വിജയിച്ച് വെസ്റ്റ് ഇന്‍ഡീസ്. 10 റണ്‍സിനാണ് രണ്ടാം ട്വന്റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന് 166 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ മറുപടി സാം കുറന്റെ 50 റണ്‍സ് മാത്രമായിരുന്നു. ഫില്‍ സാള്‍ട്ട് 25ഉം വില്‍ ജാക്‌സ് 24ഉം മൊയീന്‍ അലി പുറത്താകാതെ 22ഉം റണ്‍സ് നേടി. പക്ഷേ ആര്‍ക്കും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ബ്രെണ്ടണ്‍ കിംഗ് പുറത്താകാതെ നേടിയ 82 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ റോവ്മാന്‍ പവല്‍ 50 റണ്‍സ് നേടി നിര്‍ണായക സംഭാവന നല്‍കി.

 

Top