ഓസ്ട്രേലിയക്കെതിരായ അവസാന ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

സെന്റ് ലൂസിയ: ഓസ്ട്രേലിയക്കെതിരായ അവസാന ടി20യിലും വെസ്റ്റ് ഇന്‍ഡീസിന് ജയം. സെന്റ് ലൂസിയയില്‍ 16 റണ്‍സിന്റെ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. 79 റണ്‍സ് നേടിയ എവിന്‍ ലൂയിസാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

ഓസീസ് നിരയില്‍ ഒരാള്‍ക്കും അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് (30), മാത്യു വെയ്ഡ് (26) എന്നിവരാണ് മറ്റു ഉയര്‍ന്ന സ്‌കോറര്‍മാര്‍. ജോഷ് ഫിലിപെ (0), മോയ്സസ് ഹെന്റിക്വെസ് (21), അലക്സ് ക്യാരി (9), ആന്‍ഡ്രൂ ടൈ (15), ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് (5), ആഡം സാംപ (0) എന്നിവരാണ് പുറത്തായി മറ്റു താരങ്ങള്‍. മിച്ചല്‍ സ്വെപ്സണ്‍ (14), ജോഷ് ഹേസല്‍വുഡ് (13) എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്ട്രല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ലൂയിസിന്റെ 79 വെടിക്കെട്ട് പ്രകടനമാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 34 പന്തില്‍ ഒമ്പത് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിംഗ്സ്. 31 റണ്‍സ് നേടിയ നിക്കോളാസ് പുരാനാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ക്രിസ് ഗെയ്ല്‍ (7 പന്തില്‍ 21), ലെന്‍ഡല്‍ സിമണ്‍സ് (21) എന്നിവരും ശ്രദ്ധേയമാര്‍ന്ന പ്രകടനം പുറത്തെടുത്തു. ആന്ദ്രേ ഫ്ളച്ചര്‍ (12), റസ്സല്‍ (1), ഫാബിയന്‍ അലന്‍ (1), ഡ്വെയ്ന്‍ ബ്രാവോ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹെയ്ഡല്‍ വാല്‍ഷ് (12), കോട്ട്രല്‍ (1) പുറത്താവാതെ നിന്നു.

 

Top