വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് സിരീസ്: അസ്ഹറുദ്ദീന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കൊഹ്‌ലി

virat

ദുബായ്:യു.എ.ഇയില്‍ സമാപിച്ച ഏഷ്യാകപ്പിലെ ഇടവേളക്ക് ശേഷം നായക കുപ്പായത്തില്‍ ഇന്ത്യന്‍ നിരയെ നയിക്കാന്‍ വീണ്ടും ഒരുങ്ങി വിരാട് കൊഹ്‌ലി.

രാജ്‌കോട്ടില്‍ ഒക്ടോബര്‍ നാലു മുതല്‍ വിന്‍ഡീസിനെതിരെ രണ്ടു ടെസ്റ്റ് സീരീസുകളാണ് കൊഹ്‌ലിയും, 15 അംഗ സംഘവും നേരിടുന്നത്.

അതിനിടെ, ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 539 റണ്‍സ് സ്‌കോര്‍ ചെയ്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ റെക്കോര്‍ഡ് മറികടക്കാനിരിക്കുകയാണ് കൊഹ്‌ലി. നിലവില്‍ വിന്‍ഡീസിനെതിരെ 502 റണ്‍സ് നേടിയിട്ടുള്ള കൊഹ്‌ലി അസ്ഹറുദ്ദീന്റെ റണ്‍സിന് 37 റണ്‍സ് മാത്രം പിറകിലാണ്.

വിന്‍ഡീസിനെതിരെ പത്ത് ടെസ്റ്റുകളില്‍ നിന്ന് 38.61 ബാറ്റിങ് ശരാശരിയുള്ള കൊഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 200 ആണ്. 2746 റണ്‍സ് അടിച്ച് കൂട്ടിയ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് നിലവില്‍ റണ്‍ വേട്ടയില്‍ മുന്നിലുള്ളത്. 1978 റണ്‍സുള്ള രാഹുല്‍ ദ്രാവിഡും, 1715 റണ്‍സ് നേടിയ വി.വി.എസ് ലക്ഷമണുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ജയപരാജയങ്ങളുടെ കണക്കില്‍ കരീബിയക്കാര്‍ക്കാണ് മുന്‍തൂക്കമുള്ളത്. ഇരു ടീമുകളും ടെസ്റ്റില്‍ 22 തവണ നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും വിജയം വിന്‍ഡീസിനൊപ്പമായിരുന്നു. എട്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞിട്ടുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒടുവില്‍ കളിച്ച നാലു ടെസ്റ്റ് സീരീസുകളിലും വിജയിക്കാനായി എന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. രണ്ടാം മത്സരം ഹൈദരാബാദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും നടക്കും.

ടെസ്റ്റ് മത്സരങ്ങള്‍ക്കു പുറമെ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഒന്ന് വരെയായി അഞ്ച് ഏകദിനങ്ങളിലും, നവംബര്‍,4, 5, 6 ദിനങ്ങളിലായി മൂന്ന് ടി20കളിലും ഇരു ടീമുകളും ഏറ്റുമുട്ടും.

Top