വിൻഡീസ് താരം ഹെറ്റ്മെയർ ലോകക്കപ്പ് ടീമിൽനിന്ന് പുറത്ത്

പോർട്ട് ഓഫ് സ്‌പെയിൻ: വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയറെ ട്വന്റി 20 ലോകക്കപ്പിനുള്ള ടീമിൽനിന്ന് പുറത്താക്കി. കൃത്യസമയത്തിന് വിമാനം കയറാനെത്താത്തതുമൂലമാണ് താരത്തെ ടീമിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ആസ്‌ട്രേലിയയിൽ എത്തിയതിനു പിന്നാലെയാണ് ടീം മാനേജ്‌മെന്റിന്റെ നടപടി. പകരം ഷമറ ബ്രൂക്‌സിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐകക​ണ്ഠ്യേനയാണ് തീരുമാനമെന്ന് ടീം അധികൃതർ അറിയിച്ചു.

ഒക്ടോബർ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന് വ്യക്തിപരമായ കാരണങ്ങളാൽ എത്താനാകില്ലെന്ന് ഹെറ്റ്‌മെയർ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് തിങ്കളാഴ്ച ​ഫ്ലൈറ്റ് നിശ്ചയിച്ചു. എന്നാൽ, താരത്തിന് സമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ക്രിക്കറ്റ് ബോർഡിന്റെ നടപടി.

ശനിയാഴ്ച കരീബിയൻ പ്രീമിയർ ലീഗ് അവസാനിച്ചതിനു പിന്നാലെയാണ് വെസ്റ്റിൻഡീസ് സംഘം ആസ്‌ട്രേലിയയിലെത്തിയത്. ലോകകപ്പിന് മുന്നോടിയായി വിൻഡീസ് സംഘം ആസ്‌ട്രേലിയയുമായി ട്വന്റി 20 പരമ്പരയും കളിക്കുന്നുണ്ട്. വ്യാഴാഴ്ച ഗോൾഡ് കോസ്റ്റിലാണ് ആദ്യമത്സരം. പരമ്പരയിൽ ഹെറ്റ്‌മെയറിന് കളിക്കാനാകുമോ എന്ന കാര്യം വ്യക്തമല്ല.

 

Top