മഴയില്‍ കുളിച്ച് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം; മത്സരം ഉപേക്ഷിച്ചു

പ്രോവിഡന്‍സ്: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനത്തിനായ് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. മഴ മൂലം പലവട്ടം കളി തടസ്സപ്പെട്ടതോടെ മത്സരം ഉപേക്ഷിച്ചതായി അംപയര്‍മാര്‍ അറിയിച്ചു. 3 മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഞായറാഴ്ച നടക്കും.

കനത്ത മഴയില്‍ മത്സരം തുടങ്ങാനാവില്ല എന്നു തന്നെ കരുതിയെങ്കിലും മഴയൊന്നു മാറി നിന്നപ്പോള്‍ മത്സരം ആദ്യം 43 ഓവറാക്കി പുനര്‍ നിശ്ചയിച്ചു. രണ്ടു മണിക്കൂര്‍ വൈകിയ മത്സരത്തില്‍, ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 5.4 ഓവറില്‍ വിക്കറ്റുപോകാതെ 9 റണ്‍സ് എടുത്തു നില്‍ക്കെ വീണ്ടും മഴ.

കളി നിര്‍ത്തി. അല്‍പം കഴിഞ്ഞപ്പോള്‍ മഴ നിലച്ചു. പിന്നീടു 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിന്‍ഡീസ് ഒരു വിക്കറ്റിന് 54 റണ്‍സ് എടുത്തുനില്‍ക്കെ വീണ്ടും കളി തടസ്സപ്പെട്ടു. റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെ കുല്‍ദീപ് യാദവാണു പുറത്താക്കിയത്. മഴ നിലയ്ക്കാതെ വന്നതോടെ പിന്നീട് അംപയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടയ്ക്ക് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നൃത്തച്ചുവടുവച്ച് വിരാട് കോലി ആരാധകരെ രസിപ്പിച്ചു.

Top