വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി പൃഥ്വി ഷായും

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി കൗമാര താരം പൃഥ്വി ഷാ അരങ്ങേറും. കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായാണ് ഷാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

വ്യാഴാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ ഇന്ത്യയുടെ 12 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതോടെ ഓരോ മത്സരം ആരംഭിക്കുന്നതിനു മുമ്പ് 12 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന രീതി ആരംഭിക്കുകയും ചെയ്തു.

ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് ഏറ്റവും വലിയ പ്രശ്‌നം. ഈ പരമ്പരയിലൂടെ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഓപ്പണിങ്ങില്‍ ഷാ തിളങ്ങുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. അങ്ങനെയെങ്കില്‍ വരുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളിലൊരാള്‍ ഷായാകും.

ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ആദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാനായില്ല.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായാവും കളത്തിലിറങ്ങുന്നത്. ശാര്‍ദുല്‍ താക്കൂറാവും പന്ത്രണ്ടാമനാകുന്നത്. മൂന്നു സ്പിന്നര്‍മാര്‍ ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആറാമനായി ബാറ്റ് ചെയ്യും. ബാറ്റിംഗ് ഓര്‍ഡറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്ത് ജഡേജ എത്തും.

പരിക്കിനെത്തുടര്‍ന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പേസര്‍ ഇഷാന്ത് ശര്‍മയും വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് ടീമിലില്ല. കൂടാതെ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.

Top