വെസ്റ്റ് ഇൻഡീസ്-ഇന്ത്യ മൂന്നാം ടി-20 ഇന്ന്

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. സെന്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ജയിച്ച് പരമ്പരയിൽ ലീഡെടുക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഓപ്പണിംഗിൽ സൂര്യകുമാർ യാദവിനെത്തന്നെ പരീക്ഷിച്ചാൽ ശ്രേയസ് അയ്യർക്ക് പകരം സഞ്ജു ടീമിലെത്തും. അതേസമയം, ഓപ്പണിംഗിൽ നിരാശപ്പെടുത്തുന്ന സൂര്യകുമാറിനെ മധ്യനിരയിലേക്ക് മാറ്റിയാൽ ഇഷാൻ കിഷന് അവസരം ലഭിച്ചേക്കും. ശ്രേയസിനു പകരം ദീപക് ഹൂഡയ്ക്കും സാധ്യതയുണ്ട്. മധ്യനിരയിൽ ഋഷഭ് പന്തിന്റെ ഫോമും ആശങ്കയാണ്. 22 ശരാശരിയും 125 സ്ട്രൈക്ക് റേറ്റുമുള്ള പന്തിന് ടി-20യിൽ ഒരു ഫിഫ്റ്റി പോലുമില്ല. എന്നാൽ, പന്തിനെത്തന്നെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണം ഇന്ത്യ തുടരുകയാണ്. ഇതുവരെ 52 ടി-20കളാണ് പന്ത് കളിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ പന്തിനെ ടി-20യിൽ നിന്ന് മാറ്റി മറ്റാരെയെങ്കിലും കളിപ്പിക്കുക എന്നതാണ് ന്യായമെങ്കിലും ഭാവി ക്യാപ്റ്റനായിപ്പോലും പരിഗണിക്കപ്പെടുന്നത് താരത്തിന് അനുകൂലമാണ്.

ബിഷ്ണോയ്ക്ക് പകരം രണ്ടാം മത്സരത്തിൽ കളിച്ച ആവേശ് ഖാന് പുറത്തായേക്കും. കളിയിൽ നിരാശപ്പെടുത്തിയ താരത്തിനു പകരം ഹർഷൽ പട്ടേലിനു സാധ്യതയുണ്ട്.

രണ്ടാം ടി-20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസ് 5 വിക്കറ്റ് ജയമാണ് കുറിച്ചത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെ വെസ്റ്റിൻഡീസ് വിജയിക്കുകയായിരുന്നു.

Top