ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്

അഡ്ലൈഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. ആദ്യ ഇന്നിംഗ്‌സില്‍ വെറും 188 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ടായി. അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 55 റണ്‍സ് ഇല്ലായിരുന്നുവെങ്കില്‍ വിന്‍ഡീസ് സ്‌കോര്‍ ഇതിലും കുറവാകുമായിരുന്നു. 11-ാമന്‍ ആയി ഇറങ്ങി ഷമര്‍ ജോസഫ് 36 റണ്‍സെടുത്തു. മുന്‍നിരയില്‍ 50 റണ്‍സെടുത്ത കിര്‍ക്ക് മക്കെന്‍സിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.

ഓസ്‌ട്രേലിയന്‍ നിരയില്‍ ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും നാല് വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ ലിയോണിനും മിച്ചല്‍ സ്റ്റാര്‍കിനും ഒരോ വിക്കറ്റ് വീതവും ലഭിച്ചു.മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. തുടക്കം മുതലെ വിന്‍ഡീസിന് വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ആദ്യ സെഷനില്‍ മാത്രം മൂന്ന് വിക്കറ്റ് നഷ്ടമായി. 62 റണ്‍സാണ് വിന്‍ഡീസ് ആദ്യ സെഷനില്‍ നേടിയത്. രണ്ടാം സെഷനില്‍ വിന്‍ഡീസ് ആറ് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി. 133ന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായിടത്ത് നിന്നും വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് 188ലേക്ക് എത്തിയെന്ന് മാത്രം.

Top